എഡിറ്റര്‍
എഡിറ്റര്‍
മാതൃഭൂമിയിലെ ആര്‍ത്തവ അവധി അനുകരണീയ മാതൃകയോ? സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
എഡിറ്റര്‍
Friday 21st July 2017 11:48am


ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി അവധി പ്രഖ്യാപിച്ച മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റിന്റെ നടപടി വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്. സ്ത്രീസൗഹാര്‍ദ്ദപരമായ തീരുമാനമായി ഒരു വിഭാഗം ഇതിനെ കാണുമ്പോള്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ഒതുക്കിനിര്‍ത്താനുള്ള വഴിതുറക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഇതിനെ എതിര്‍ക്കുന്ന ചിലരുടെ വാദം. അതേസമയം മാതൃഭൂമി മാനേജ്‌മെന്റ് സ്വീകരിച്ചുപോന്ന തൊഴിലാളി വിരുദ്ധ നിലപാടുകളെ മറച്ചുവെച്ച് വ്യാജപ്രതീതി സൃഷ്ടിക്കുവാനുള്ള ശ്രമമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നിട്ടുണ്ട്. അത്തരം ചില അഭിപ്രായ പ്രകടനങ്ങള്‍ കാണാം.

 

ആര്‍ത്തവത്തിന്റെ ആദ്യദിവസം ശമ്പളത്തോടുകൂടെയുള്ള അവധി വനിതാജീവനക്കാര്‍ക്ക് നല്‍കികൊണ്ട് കേരളത്തില്‍ ഇത്തരമൊരു മാതൃക ആദ്യമായി സൃഷ്ടിച്ച മാതൃഭൂമിന്യൂസിനു ബിഗ് സല്യൂട്ട്.

പതിവുപോലെ എതിര്‍പ്പുകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. അത് സാധാരണവുമാണ്. പുരുഷന്മാരുടെ ആരുടേയും വിമര്‍ശനങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ സ്ത്രീകളില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എനിക്ക് ഞെട്ടലില്ല. ഏതുകാലത്തും ഈവിഷയം മുന്നോട്ട് വന്നപ്പോഴും എതിര്‍ക്കാന്‍ ഉപയോഗിച്ചിട്ടുള്ള അതേ വാദഗതികള്‍! അതിലൊന്നായി അവര്‍ ഉന്നയിക്കുന്നത് ആര്‍ത്തവദിനങ്ങളില്‍ ജോലിസ്ഥലത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പോരെ, എന്നാല്‍ ശമ്പളത്തോടുകൂടി അവധികൊടുക്കുന്നത് അവരെ സ്‌നേഹിച്ചു വീട്ടിലിരുത്തുന്നതിനു തുല്യമല്ലേ എന്നാണ്.

സ്ത്രീജീവനക്കാര്‍ ഭൂരിപക്ഷമായിവരുന്ന പലസ്ഥാപനങ്ങളില്‍പോലും സ്ത്രീകള്‍ക്ക് മതിയായ വിശ്രമസൗകര്യങ്ങളില്ല എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അടിസ്ഥാന ആവശ്യമായ ടോയ്ലറ്റ് പോലും ഇല്ലാത്തിടങ്ങളില്‍ നമ്മുടെ സ്ത്രീകള്‍ ആര്‍ത്തവദിനങ്ങളീല്‍ ജോലിചെയ്യുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഉണ്ടാകുക എന്നത് പരമപ്രധാനമാണ്.

ഇത്തരം സൗകര്യങ്ങള്‍മാത്രം ഒരുക്കിയാല്‍ മതി അവധി വേണ്ട എന്ന് പറയുന്ന സ്ത്രീകളോട് ഒന്ന് പറയട്ടെ. ആര്‍ത്തവം ഓരോ സ്ത്രീയ്ക്കും വളരേ വ്യത്യാസമുള്ള ഒന്നാണ്. ബയോളജിക്കലായിതന്നെ ഓരോരുത്തരിലും അതിന്റെ രീതി വ്യത്യാസമാണ്. ശാരീരികമായും മാനസികമായും അവര്‍ കടന്നുപോകുന്ന അവസ്ഥകള്‍ക്ക് വളരേ വ്യത്യാസമുണ്ട്. ഞാന്‍ മനസ്സിലാക്കിയതില്‍ ആര്‍ത്തവം അതെന്തെന്ന് അറിയാതെ ഒരല്‍പംപോലും വേദനയില്ലാതെ താണ്ടുന്നവരുണ്ട്.

വേദനസംഹാരികളാല്‍ ഒരളവുവരെ ആശ്വാസം കാണുന്നവരുണ്ട്. എന്നാല്‍ മൂന്നാമതൊരു കൂട്ടമുണ്ട് കഠിനമായവേദന , തലകറക്കം, ചര്‍ദ്ദി ഇതിന്റെ മൂന്നിന്റേയും വേലിയേറ്റവും വേലിയിറക്കവും. ഈ സമയത്തുണ്ടാകുന്ന മൂഡ്‌സ്വിങ്ങ്‌സ് ഒന്നും ഇവരെ കാര്യമായി ബാധിക്കാറുപോലുമില്ല കാരണം കിടക്കുന്ന സമയത്ത് പോലും ശരീരം വളഞ്ഞുകുത്തിപോകുന്ന വേദനയോട് മല്ലടിക്കുകയെന്ന യാഥാര്‍ഥ്യം മാത്രമേ ആസമയങ്ങളില്‍ പ്രധാനമാകാറുള്ളൂ. ആ നിമിഷങ്ങള്‍ താണ്ടാനുള്ള അവസാന ഊര്‍ജ്ജവും കൈവിട്ടു മുന്നോട്ട് നിരങ്ങി നീങ്ങുന്ന അവസ്ഥ. അനുഭവിച്ചര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണത് .

നിര്‍ഭാഗ്യവശാല്‍ ഞാനീ മൂന്നാം തരക്കാരില്‍പെട്ടയാളാണ്. പത്താംക്ലാസ് പരീക്ഷയിലൊരെണ്ണം ആശുപത്രികിടക്കയില്‍നിന്ന് എഴുന്നേറ്റ് പോയാണ് എഴുതിയത്. ചില ടാബ്ലെറ്റ്‌സ് ഉറക്കക്ഷീണം ഉണ്ടാക്കും എന്നതിനാല്‍ അന്ന് ഡോക്ടര്‍മാര്‍ കുറിച്ചത് ഇഞ്ചക്ഷനായി എടുക്കുകയാണുണ്ടായത്. രണ്ടാമത് ഡിഗ്രി ലാബ് എക്‌സാമിനാണ്. കഠിനമായ വേദന അല്‍പ്പമെങ്കിലും കുറയും എന്നുവിചാരിച്ച് കഴിച്ച മെഫ്താല്‍-സ്പാസ് കൂടെ വന്ന ഛര്‍ദ്ദിയില്‍ പോയി. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ സിസ്റ്റര്‍ ജര്‍മീന ഹോസ്റ്റലിന്റെ അടുക്കളയില്‍ പോയി എടുത്തിട്ടുവന്ന ഒരു പച്ചമുട്ടയുമായെന്ന സമീപിച്ചു. ആപച്ചമുട്ട കഴിച്ചാല്‍ വേദനകുറഞ്ഞാലോ എന്ന് കരുതി കണ്ണും മൂക്കും പൊത്തി അത് അകത്താക്കുകയായിരുന്നു. രണ്ട് നിമിഷംകൊണ്ട് പിന്നേയും ഛര്‍ദ്ദിച്ചു.

ഇതുപോലെ ജീവിതത്തിലെ പല നിര്‍ണ്ണായക പരീക്ഷാ / ഇന്റെര്‍വ്യൂ/ ജോലിസംബന്ധമായ ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലം നടുവിലായി ആര്‍ത്തവം ഇടിത്തീയായി എത്തിയിട്ടുണ്ട്.

താരതമ്യേന നല്ല സൗകര്യങ്ങളുടെ ഓഫീസുകളില്‍ വര്‍ക്ക് ചെയ്യുമ്പോഴും അവിടുത്തെ സൗകര്യങ്ങള്‍ക്കൊന്നും കംഫര്‍ട്ട് തരാന്‍കഴിയാത്ത ഒരവസ്ഥയിലേക്ക് പോയിട്ടുണ്ട്. വേദനസംഹാരികള്‍ പലപ്പോഴും കമ്പനിയിലെ HR നോട് ചോദിച്ചാല്‍കിട്ടുന്ന അവസ്ഥയുണ്ട്. കിടക്കാന്‍ ബെഡ്. ഹോട്ട്വാട്ടര്‍ ബാഗിലൊഴിക്കാനായി വെള്ളംചോദിച്ചാല്‍കിട്ടുന്ന പാന്‍ട്രികള്‍! എന്നിട്ടും ജോലിചെയ്യാന്‍കഴിയാത്ത സ്ത്രീകളുണ്ട്. കഠിനവേദന, അമിതരക്തസ്രാവം, നടുവ്/ ഇടുപ്പ് , കാല്‍വേദന ഇതൊന്നും അനുഭവിക്കാതെ ഓരോ തവണയും മുന്നോട്ട് പോകാത്തവര്‍. ആര്‍ത്തവസമയത്ത് എ.സി. റൂമുകളെനിക്ക് നരകമാണ്.

അവധിയെ എതിര്‍ക്കുന്ന സ്ത്രീകളോടൊന്നേ പറയാനുള്ളൂ. മികച്ചസൗകര്യങ്ങളുണ്ടായിട്ടും വേദനയെ അതിജീവിക്കാന്‍ കഴിയാത്ത ഒരുകൂട്ടം യാഥാര്‍ത്ഥ്യമാണ്. അവരെ നാട്യക്കാരികളായോ അല്ലെങ്കില്‍ ജോലിയില്‍ വേണ്ടുംവിധം താത്പര്യമില്ലാത്തവരായോ കാണാതിരിക്കുക. പലരും മൂന്നോ നാലോ ദിവസങ്ങള്‍ ഇത്തരത്തില്‍ നരകവേദന അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കിട്ടാന്‍പോകുന്ന ഒരു അവധിയെങ്കിലും കിട്ടാന്‍ കൈകോര്‍ക്കുക.

ഇത്തരം മാറ്റങ്ങള്‍ മുന്നോട്ട് കൊണ്ടുവരുന്ന ഉദ്യമങ്ങളില്‍ പങ്കാളികളാവുക. ഇത്തരംമാറ്റങ്ങളുടെ തുടക്കത്തിലേ കടയ്ക്കല്‍ കത്തിവെക്കരുത്. പ്രയാസങ്ങളില്ലാത്ത സ്ത്രീകള്‍ അത്തരം ദിവസങ്ങളില്‍ ജോലിയ്ക്ക് ഹാജരാവട്ടെ എന്നാല്‍ അതിനുകഴിയാത്തവരെ അവരുടെ ശാരീരികദുര്‍ബലതകള്‍ ഉയരങ്ങളിലേയ്‌ക്കെത്തുന്നതില്‍ നിന്നും പിന്‍വലിക്കാതിരിക്കട്ടെ. ഇത്തരമൊരു അവധി ചിലര്‍ക്കെങ്കിലും വലിയ കൈത്താങ്ങാവുന്നുവെങ്കില്‍. ആവട്ടെ!

എന്റെ അഭിപ്രായത്തില്‍ ആര്‍ത്തവ അവധി അത് ഓരോ സ്ത്രീയും നൂറുശതമാനവും അര്‍ഹിക്കുന്നു. വേണ്ടവര്‍ എടുക്കുക എന്നാല്‍ വേണ്ടാത്തവര്‍ മറ്റാരും എടുക്കരുതെന്ന് ശഠിക്കാതിരിക്കുക .

ജോഷിന രാമകൃഷ്ണന്‍


 

ആര്‍ത്തവത്തിന്റെ ആദ്യദിനമെന്നത് പലപ്പോഴും വിഷമതകള്‍ നിറഞ്ഞതായിരുന്നു.. വയറുവേദന നടുവേദന കാള്‍ കഴപ്പ് ശര്‍ദ്ദില്‍ ഒക്കെ അങ്ങനെ മാറിമാറി യുണ്ടാകും. എന്നാലും ഒരുമാതിരിപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഒരു മെഫ്റ്റാല്‍ കഴിച്ചാ മാറാവുന്നതേയുള്ളു.. അതിന്റെ പേരില്‍ ലീവ് അത്യാവശ്യമാണെങ്കില്‍ മാത്രമെടുത്താല്‍ മതി. കാരണം ഇതൊരു ഭയങ്കര പ്രശ്‌നമാണെന്ന് വരുത്തി തീര്‍ത്താല്‍ നമ്മള്‍ പെണ്ണുങ്ങള്‍ പിറകിലായി പ്പോകുമെന്നത് ഉറപ്പല്ലേ?

ഒരു വര്‍ഷം ശമ്പളത്തോട് കൂടി ഏതാണ്ട് അര മാസത്തെ എങ്കിലും അവധി കൊടുക്കാനുള്ള മടിക്ക് ചിലപ്പോ മാനേജ്മെന്റ് പെണ്ണുങ്ങളെ ജോലിക്കെടുത്തില്ലെന്നും വരും. അതൊന്നും വേണ്ടെന്നേ.

ഈ മതങ്ങള്‍ ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണുങ്ങളില്‍ അടിച്ചേല്‍പിച്ചിരിക്കുന്ന വിലക്കുകളില്ലേ. അതിനെതിരെ പ്രതിഷേധിക്കാം നമുക്ക്.

ലാലി പി.എം


 

സ്ത്രീകളെ സഹായിക്കാനുള്ള പല നിയമങ്ങളും അവസാനം സ്ത്രീകള്‍ അബലകളാണെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമായി വരുന്ന അവസ്ഥ ദു:ഖത്തോടെ കാണുന്നു. ഇപ്പോള്‍ ആര്‍ത്തവ ദിവസത്തെ അവധിയാണ് മുഖപത്രത്തിലെ പ്രധാന ആഘോഷം. എല്ലാ മേഖലയിലും ഇങ്ങനെയൊക്കെ വേണമെന്ന് ആവശ്യം ഉയര്‍ന്നു തുടങ്ങി കാരണം എല്ലാ സ്ത്രീകളും ഒരു പോലെയാണല്ലോ.

ഇനി ഈ നിയമത്തിന്റെ അപ്രായോഗികത എനിക്ക് തോന്നുന്നവ എഴുതട്ടെ.

1. ആര്‍ത്തവം ഒരു നിശ്ചിത ദിവസം വരണമെന്നില്ല. അതുകൊണ്ട് തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന സ്ത്രീകള്‍ എടുക്കുന്ന അവധികള്‍ ആ തൊഴില്‍ മേഖലയെ പിടിച്ച് കുലുക്കും. ക്രമേണ പല സ്വകാര്യ മേഖലകളും സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ മടിക്കും.

2. വനിതാ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും കാര്യം ആലോചിച്ചു നോക്കുക. ഒരു വനിതാ സര്‍ജന് ആര്‍ത്തവമാണെന്നു പറഞ്ഞ് രോഗിയുടെ ഓപ്പറേഷന്‍ മാറ്റിവയ്ക്കാന്‍ പറ്റുമോ? പകരത്തിന് ജോലി ചെയ്യാന്‍ വേറെ ഡോക്ടര്‍മാരെയൊന്നും എളുപ്പത്തില്‍ കിട്ടില്ല. മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അറിയാം ഒരു ഡ്യൂട്ടി അസുഖം നിമിത്തം വരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു കഷ്ടപ്പെട്ടാണ് പകരത്തിന് ആളെ കിട്ടുന്നത് എന്ന്. ഇനി എല്ലാ സ്ത്രീ ഡോക്ടര്‍മാരും നേഴ്‌സുമാരും കൂടി ആര്‍ത്തവ ദിവസങ്ങളില്‍ അവധിയെടുത്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടേണ്ടി വരും.

2. വിദ്യാര്‍ത്ഥിനികള്‍ക്ക് അവധി കൊടുക്കണ്ടേ? തലവേദനയും വയറുവേദനയും അവര്‍ക്കും ഇല്ലേ? അപ്പോള്‍ പിന്നെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് എന്തുചെയ്യും. ആര്‍ത്തവ ദിവസം സ്ഥിരമായി വിശ്രമിച്ച് ശീലിച്ച ഒരു പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി പരീക്ഷക്ക് എന്തു ചെയ്യും? അതോ ആര്‍ത്തവദിവസം അദ്ധ്യാപികയ്ക്ക് അവധിയും വിദ്യാര്‍ത്ഥിനികള്‍ക്ക് അവധിയും വേണ്ട എന്ന് നിലപാട് എടുക്കുമോ?

3. ആര്‍ത്തവം ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രം. അത് ഒരസുഖമല്ല. ആര്‍ത്തവ ദിവസങ്ങളില്‍ അതിശക്തമായ വയറുവേദന അനുഭവിക്കുന്ന ഞാന്‍ മരുന്നു കഴിച്ച് ജോലിക്ക് പോകാറുണ്ട്.

4. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി കൊടുക്കാറുണ്ടോ? എനിക്കറിയല്ല.
എനിക്ക് തോന്നുന്നത് ശക്തമായ മത്സരങ്ങളുള്ള തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ഈ ഒരൊറ്റക്കാരണം കൊണ്ട് പിന്‍തള്ളാന്‍ സാധ്യത ഉണ്ട് എന്നാണ് .

5. ആര്‍ത്തവം എന്ന സാധാരണ ശാരീരിക പ്രക്രിയ എല്ലാവരിലും വയറുവേദനയും മറ്റും ഉണ്ടാക്കുന്നില്ല. ബുദ്ധിമുട്ടുള്ളവര്‍ വേദനക്കുള്ള മരുന്ന് കഴിച്ചാല്‍ മതി. പക്ഷെ അതിന്റെയൊക്കെ പേരില്‍ ആനുകൂല്യങ്ങള്‍ വേണമെന്ന് ചിന്തിച്ചാല്‍ ഇത് സ്ത്രീകളുടെ പോരായ്മയായി മറ്റുള്ളവര്‍ കാണാന്‍ തുടങ്ങും.

6. പ്രസവവും മുലയൂട്ടലും ജീവിതത്തില്‍ ഒന്നോരണ്ടോ പ്രാവശ്യം മാത്രം ഉള്ളതാണ്. അതുപോലെയല്ല ആര്‍ത്തവം അത് സ്ത്രീയുടെ കൂടെ ഉള്ളതാണ്.

സന്ധ്യ ജി.ഐ


 

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം ജീവനക്കാരികള്‍ക്കു ശമ്പളത്തോടെ അവധി. മറ്റാരെയും കാത്തുനില്‍ക്കാതെ മാതൃകയായി മാതൃഭൂമി ന്യൂസ്. മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാവാന്‍ കഴിയട്ടെ… പലതരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ നേരിടുന്നത്. തൊഴില്‍ മേഖലയില്‍ ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കാതെ പോകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ആ ആശങ്കയ്ക്ക് ഒരു അവധി ദിനം നല്‍കി വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് മാതൃഭൂമി.

സ്ത്രീകള്‍ക്കൊപ്പമെന്നാല്‍ നിങ്ങള്‍ മാറ്റത്തിനൊപ്പം എന്നതാണ് യാഥാര്‍ത്ഥ്യം. അത് തിരിച്ചറിഞ്ഞതിന്, തിരിച്ചറിഞ്ഞ് അനുകുല നടപടികള്‍ സ്വീകരിച്ചതിന് അഭിനന്ദനങ്ങള്‍…

നന്മയെ മാതൃകയാക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ..

ബിന്ദു കൃഷ്ണ

Advertisement