എഡിറ്റര്‍
എഡിറ്റര്‍
എം.പി വീരേന്ദ്രകുമാറിനെതിരെ മാതൃഭൂമി ഗുഹാവത്തി ലേഖകന്‍ മത്സരിക്കും
എഡിറ്റര്‍
Thursday 13th March 2014 9:44am

veerendra-kumar

പാലക്കാട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.പി വീരേന്ദ്രകുമാറിനെതിരെ മത്സരിക്കുമെന്ന് മാതൃഭൂമി ഗുവാഹത്തി ലേഖകന്‍ കെ ശ്രീജിത്ത്.

വര്‍ഷങ്ങളായി മാതൃഭൂമി ജീവനക്കാര്‍ അനുഭവിക്കുന്ന മാനസികപീഡനം ജനങ്ങളെ അറിയിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തതിനാലാണ് വീരേന്ദ്രകുമാറിനെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട മജീദിയ വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡ.ബ്ല്യു.ജെ) കോഴിക്കോട് മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി എന്നീ പത്രസ്ഥാപനങ്ങള്‍ക്കുമുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വീരേന്ദ്രകുമാര്‍ നടപടി എടുത്തെന്നാണ് ശ്രീജിത്ത് പറയുന്നത്.

‘സമരത്തില്‍ പങ്കെടുത്ത ശ്രീജിത്ത് അടക്കമുള്ള മുപ്പതോളംപേരെ കൊഹിമ, അഗര്‍ത്തല, ഇംഫാല്‍ തുടങ്ങി രാജ്യത്തിന്റെ വിദൂരദേശങ്ങളിലേക്ക്  സ്ഥലംമാറ്റി. 2013 മാര്‍ച്ചില്‍ നടന്ന വേജ് ബോര്‍ഡ് സമരത്തിനുശേഷം വീരേന്ദ്രകുമാര്‍ തന്നെ വിളിച്ച് ഒന്നരമണിക്കൂറോളം ഭീഷണിമുഴക്കിയും മറ്റും സംസാരിച്ചു.

മാതൃഭൂമി എംഡിയുടെ അപ്രീതിക്കിരയായ താനും സഹപ്രവര്‍ത്തകരും അനുഭവിച്ച ദുരിതങ്ങള്‍ പുറത്തറിയിക്കാന്‍ മറ്റൊരു പോംവഴിയുമില്ലാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്’ ശ്രീജിത്ത് പറയുന്നു.

പത്രപ്രവര്‍ത്തകര്‍ക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡ.ബ്ല്യു.ജെ)സമരം നടത്തിയത്.

പാലക്കാട് ജില്ലയിലെ കോങ്ങാട് എഴക്കാട് സ്വദേശിയായ ശ്രീജിത്ത് കഴിഞ്ഞ ഒരുവര്‍ഷമായി ഗുവാഹത്തിയിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോട് യൂണിറ്റില്‍ സബ് എഡിറ്ററായിരുന്ന ശ്രീജിത്ത് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് യൂണിറ്റ് ഭാരവാഹികൂടിയായിരുന്നു.

Advertisement