samuel

തിരുവന്തപുരം: മുന്‍ ജീവനക്കാരന്റെ ആരോപണങ്ങള്‍ക്ക മറുപടിയുമായി നാരദ ന്യൂസ് മേധാവി മാത്യു സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ സഹപ്രവര്‍ത്തകനായ രാംകുമാര്‍ തനിക്കെതിരെ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് മാത്യു സാമുവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Related one നാരദാ ന്യൂസ് മേധാവി മാത്യു സാമുവലില്‍ നിന്ന് വധഭീഷണിയെന്ന് മാധ്യമപ്രവര്‍ത്തകന്‍


ഇരുപത് വര്‍ഷത്തെ മാധ്യമ രംഗത്തെ അനുഭവങ്ങളാണ് മാത്യൂ സാമുവല്‍ പ്രധാനമായും പോസ്റ്റിലൂടെ വിവരിക്കുന്നത്. മുന്‍ സഹപ്രവര്‍ത്തകന്‍ വിവാദ കഥ മെനയുകയാണെന്ന് മാത്യു സാമുവല്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇരുപതു വര്‍ഷം കഴിയുന്നു, ഡല്‍ഹി വാസം തുടങ്ങിയിട്ട്. അത്രയും തന്നെ വര്‍ഷത്തെ തൊഴില്‍പരമായ അനുഭവങ്ങളും! അതും മുന്നോട്ടു പോകുന്നു. പല രീതിയിലൂടെ സുഹൃത്തുക്കള്‍ വന്നു ചേരുന്നു, ചിലര്‍ വിട്ടു പോകുന്നു, ചിലരൊക്കെ ചേര്‍ന്ന് അപഹാസകഥകള്‍ പറയും അതിനെ പരിഹാസരൂപേണ അവഗണിച്ചു തള്ളാനെ കഴിയൂ. എല്ലാറ്റിനും ചെവികൊടുത്താല്‍ ചെവികാര്‍ന്നു തിന്നുന്നവര്‍ തീറ്റി തുടരും, അതിനെ ആ രീതിയില്‍ തള്ളും.

എന്നെ ഏതെല്ലാം രീതിയില്‍ വേണമെങ്കിലും വിമര്‍ശിച്ചോളൂ, ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഈയുള്ളവന്‍ കാര്യങ്ങള്‍ എടുക്കും. എന്നാല്‍ അതിന്റെയൊപ്പം ഒന്നും അറിയാതെ കാര്യമായ ജോലിയില്‍ മുഴുകുന്ന പലരുമുണ്ട്. അതില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ട്. അതില്‍ ഉള്ള ചില സ്ത്രീകളെ ചേര്‍ത്തു കഥ മെനയുന്നു, എന്നിട്ടു മറ്റു പലരെയും വിളിച്ചു പറയുന്നു  ‘എന്റെ കയ്യില്‍ ഒരു ബോംബ് ഉണ്ട്, അതു പൊട്ടിക്കും, പൊട്ടിയാല്‍ ആ യുവതി ആത്മഹത്യ ചെയ്യും.’ എന്താണ് ഇതൊക്കെ? ഇവര്‍ ഇങ്ങനെ പലരോടും വിളിച്ചു പറയുന്നതു തുടരുന്നു. എന്റെ ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ ഇത് ഉയര്‍ത്തികാണിച്ചു വിവാദ കഥകള്‍ മെനയുന്നു.

ഇതൊക്കെ പോകട്ടെ. ഈയുള്ളവനെ ഒരു ദിവസം ഒരു പരിചയക്കാരന്‍ ശശികലയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ തരപ്പെടുത്താം എന്നറിയിച്ച് ഡിസംബര്‍ 28നു ചെന്നൈയില്‍ വിളിച്ചു വരുത്തുന്നു. ഞാന്‍ ഡല്‍ഹിയില്‍ നിന്നു പറന്ന് അവിടെയെത്തുന്നു. എറണാകുളത്തു നിന്ന് നാരദയുടെ ഒരു ജേണലിസ്റ്റിനെയും ക്യാമറാമാനേയും ചെന്നൈയിലെത്താന്‍ ഏര്‍പ്പാടാക്കുന്നു. ജേണലിസ്റ്റ് എന്ന നിലയിലെ ത്രില്‍ ആസ്വദിക്കുകയാണ്. അപ്പോള്‍ ഇന്റര്‍വ്യൂവിനു സമയം നിശ്ചയിക്കാന്‍ പോകാം എന്നു പറഞ്ഞ്, ഇന്റര്‍വ്യൂ അറേഞ്ച് ചെയ്തു തരാമെന്നു പറഞ്ഞയാള്‍ അയാള്‍ താമസിക്കുന്നിടത്തേക്ക് എന്നെ ക്ഷണിക്കുന്നു. മൈലാപ്പൂരിലുള്ള ഹോട്ടല്‍ ക്ലാരിയോണിലേക്കാണു ക്ഷണം. അവിടെ മുറിയില്‍ എത്തിയയുടന്‍ മൂന്നുപേര്‍ കൂടി മുറിയിലെത്തുന്നു. എന്നിട്ട് എന്നെ ആ മുറിയില്‍ പൂട്ടിയിട്ടു ബ്ലാക് മെയ്ല്‍ നാടകം അവതരിപ്പിക്കുന്നതിനെ എന്തു പറയാന്‍? ഞങ്ങള്‍ എന്തെല്ലാമോ പ്രസിദ്ധീകരിക്കും, നിങ്ങളെ നശിപ്പിക്കും നിങ്ങള്‍ക്കൊപ്പം ഉള്ളവരെയും തകര്‍ക്കും, നിങ്ങളുടെ സംരംഭം അടച്ചുപൂട്ടിക്കും തുടങ്ങിയ ഭീഷണികളായിരുന്നു ഈയുള്ളവനു നേരിടേണ്ടി വന്നത്.

ഏഴെട്ടു മാസം മുന്‍പാണ്. നാരദയിലെ ഒരു സീനിയര്‍ സ്റ്റാഫിനെതിരെ ഒരു ട്രെയിനിയെക്കൊണ്ട് ഈ സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ച് പരാതി പറയിച്ച് അതു ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു. എന്നിട്ട് ആ പരാതി പ്രകാരം ഈ സീനിയറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഏതൊരു സ്ഥാപനവും ചെയ്യുംപോലെ പരാതിയില്‍ അന്വേഷണം നടക്കുന്നു. പരാതിയുന്നയിച്ചയാള്‍ അത് ഇന്നയാള്‍ നിര്‍ബന്ധിച്ചു പറയിച്ചതാണ്, അല്ലാതെ തനിക്കിങ്ങനെ പരാതിയില്ല എന്നു പറയുന്നു. അതോടെ വിചാരിച്ചകാര്യം നടക്കില്ല എന്നു തോന്നിയിട്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി, താന്‍ ഉന്നമിട്ട ആള്‍ക്കെതിരെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് പരാതി രേഖാമൂലം എഴുതിനല്‍കാന്‍ ആവശ്യപ്പെടുന്നു. അതിനു തയ്യാറാകാതിരുന്ന അവരെ പിന്നീടു മാനസികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചത്. ജോലി ചെയ്ത ദിവസത്തെ അറ്റന്‍ഡന്‍സ്, ഇടയ്ക്കു പുറത്തുപോയി എന്നു പറഞ്ഞ് ലീവാക്കി മാറ്റുക, വര്‍ക്ക് ഫ്രം ഹോം ആയ ദിവസങ്ങളില്‍ പണിയെടുത്തിട്ടും അറ്റന്‍ഡന്‍സ് നല്‍കാതിരിക്കുക, മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ഹരാസ് ചെയ്യുക എന്നിങ്ങനെ നിരന്തരമായ പരാതിയും ഒറ്റപ്പെടലും നേരിടേണ്ടി വന്നപ്പോള്‍ ഈ സഹപ്രവര്‍ത്തകനൊപ്പം ഇനി തുടരാന്‍ തനിക്ക് ബുദ്ധിമുട്ടാണ് എന്ന് എഴുതി നല്‍കി അവര്‍ മറ്റൊരു സ്ഥാപനത്തിലേക്കു മാറുകയാണ് ഉണ്ടായത്. ആര്‍ക്കെതിരെയാണോ പരാതി ഉന്നയിക്കപ്പെട്ടത് ആ ആളും പരാതി ഉന്നയിച്ചയാളും ഒരേ ഓഫീസില്‍ സഹപ്രവര്‍ത്തകരായി ഇപ്പോഴും പണിയെടുക്കുന്നു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. ഇഷ്ടമില്ലാത്തവരെ തകര്‍ക്കാന്‍ വ്യാജ ലൈംഗിക പരാതി സൃഷ്ടിക്കുന്നതാണോ ഇന്ത്യ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാകാനുള്ള എളുപ്പവഴി?

എല്ലാ ലക്ഷ്മണരേഖയും കടന്നു. എന്നിട്ടും ഈയുള്ളവന്‍ വീണ്ടും വെറുതെ ഇരിക്കണം എന്നാണോ ഈയുള്ളവന്റെ പഴയ സഹപ്രവര്‍ത്തകനും സംഘവും ചിന്തിക്കുന്നത്.
‘ബംഗാളില്‍ പോയി ടിഎംസി നേതാക്കളെ കണ്ടു നിങ്ങള്‍ക്കെതിരെ മൊഴി കൊടുപ്പിക്കും. നിങ്ങള്‍ പല റിപ്പോര്‍ട്ടുകളും പൂഴ്ത്തിയ കാര്യം ലോകത്തെ അറിയിക്കും, മറ്റു പലതും ഉണ്ടാകും. അങ്ങനെയല്ലെങ്കില്‍ രണ്ടു കോടി രൂപ തരണം. എവിടുന്നെങ്കിലും സംഘടിപ്പിച്ചു തന്നെ മതിയാകൂ…’ ഇത് ചെന്നൈയിലെ അടച്ചിട്ട മുറിയില്‍ ഈയുള്ളവനെതിരെ നടന്ന അതി ഗംഭീരമായ ഒരു എമണ്ടന്‍ നാടകം! ഞാന്‍ അവരോട് കൂസലന്യേ പറഞ്ഞ മറുപടിയും ഇതാണ്. ധൈര്യമായി മുന്നോട്ടു പോകൂ, എനിക്കു ഭയമില്ല!

തിരികെ വീട്ടില്‍ എത്തിയിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. സഹപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ ഞാന്‍ തളരും എന്ന് അവര്‍ കരുതിയിരിക്കണം. അവര്‍ കൂടുതല്‍ പ്ലാന്‍ ചെയ്തു വാട്‌സാപ്പിലും മെയിലിലും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ആദ്യം ഭീഷണിപ്പെടുത്തി, പിന്നെ അനുനയത്തില്‍. പരാതി കൊടുക്കരുത്, പരാതിപ്പെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് വലിയതായിരിക്കും എന്നു സഹപ്രവര്‍ത്തകരെക്കൊണ്ട് യുവതിയുടെ അടുത്തു പറയിക്കുക, പരാതി കൊടുക്കരുതേയെന്നു യുവതിയോടു താഴ്മയായി അപേക്ഷിക്കുക, അതിനൊപ്പം പണം എക്‌സ്ട്രാക്റ്റ് ചെയ്യാനുള്ള ശ്രമം വേറെയാളുകള്‍ വഴി തുടരുക. എന്തിനാണ്, ഈ യുവതിയെ ഈ സഹപ്രവര്‍ത്തകന്‍ ഇത്തരം ആവശ്യവുമായി ഇരുപതോളം തവണ വിളിച്ചത് എന്നുപറയുമോ? ഇനിയും ക്ഷമിക്കേണ്ടതില്ല എന്നു തീരുമാനിച്ച്, ഈയുള്ളവന്‍ കേരളത്തില്‍ എത്തി പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് അതില്‍ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തി വരികയാണ്. ഇതാണു പലരെയും ഇപ്പോള്‍ പരിഭ്രമപ്പെടുത്തുന്നതും. അന്വേഷണം നേരിടാന്‍ പലരും ഭയപ്പെടുന്നു എന്ന് ഇപ്പോള്‍ വ്യക്തം.

ഇനി എന്റെ ജേര്‍ണലിസവുമായി ബന്ധപ്പെട്ടു പുകമറ സൃഷ്ട്ടിക്കുന്നതിനെ കുറിച്ച്.

എന്റെ മേല്‍നോട്ടത്തില്‍ തെഹല്‍ക്കയും നാരദയും ചെയ്ത സ്റ്റിംഗ് ഓപ്പറേഷനുകള്‍ ഒന്നും സഭ്യതയ്ക്ക് നിരക്കാത്തതായിരുന്നില്ല. സ്ഥാപനത്തിന്റെ പേരു നിലനിര്‍ത്തുന്ന സ്റ്റോറികള്‍ മാത്രമാണ് ഈ ലേബലില്‍ ഉണ്ടായിട്ടുള്ളത് എന്ന് എനിക്ക് അഭിമാനത്തോടെ തന്നെ പറയാന്‍ കഴിയും.

ഒരു മീഡിയ ഓര്‍ഗനൈസേഷന്‍ പല സ്റ്റോറികളും പ്ലാന്‍ ചെയ്യും. ഇടയ്ക്കു വച്ചു ചിലപ്പോള്‍ സോഴ്‌സ് പിന്മാറും. ചിലപ്പോള്‍ മുന്‍പോട്ടു പോകാന്‍ സാധിക്കില്ല എന്നു വരും. ശ്രമിക്കുന്നതെല്ലാം നടക്കണം എന്നില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും മാന്യതയ്ക്കും ചേര്‍ന്നവയുമായി മാത്രമേ മുന്നോട്ടു പോയിട്ടുള്ളൂ. അതിനു ശരിയായ കാരണങ്ങളും ഉണ്ട്…


Also read ആര്‍ട്ടിസ്റ്റ് ബേബിയുടെ വ്യത്യസ്ത പ്രതിഷേധം: കമലിനെ നാടുകടത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ


ഒരുദാഹരണം പറയാം. സഹാറ സുബ്രതോ റായ്ക്ക് തിഹാര്‍ ജയിലില്‍ പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നു വിവരം കിട്ടി. സ്റ്റോറി റിസേര്‍ച് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈയുള്ളവന്റെയാണു സോഴ്‌സ്. ഈ സ്റ്റോറി ചെയ്യാനുള്ള ആളുകളെയും നിശ്ചയിച്ചു. കുറച്ചു ദിവസങ്ങള്‍ ഇവര്‍ തീഹാറിന്റെ പുറത്തു പോയി നിന്നു പലകാറുകളും സുബര്‍തോ റായിയെ കാണാന്‍ അകത്തു പോകുന്ന വിഷ്വല്‍സ് അവര്‍ക്കു കിട്ടി. ഇതു വച്ചു സ്റ്റോറി ചെയ്യാന്‍ സാധിക്കില്ല എന്നു ഞാന്‍ പറഞ്ഞു. കാരണം സുബ്രതോ റായിക്ക് ജയിലില്‍ ഓഫീസ് ഉപയോഗിക്കാം എന്നു സുപ്രീം കോടതി പറയുന്നുണ്ട്. ജയിലില്‍ പോയി സുബ്രതോ റോയിയെ കാണാന്‍ സഹാറയിലെ ചില ജീവനക്കാരെ കോടതി അനുവദിച്ചിട്ടും ഉണ്ട്. അപ്പോള്‍ പിന്നെ കുറേ കാറുകള്‍ പതിവായി പോകുന്ന ദൃശ്യം വച്ച്, എങ്ങനെ കൊള്ളാവുന്ന ഒരു സ്റ്റോറി തയ്യാറാക്കാന്‍ കഴിയും?

സോളാര്‍ വിവാദം കത്തിനിന്നപ്പോള്‍ കേരളത്തിലെ അഴിമതി അന്വേഷിക്കാന്‍ ഒരു ദൗത്യം ഞങ്ങള്‍ നടത്തി. അന്വേഷണാത്മക ജേര്‍ണലിസത്തിന് അങ്ങനെയും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നതും. പക്ഷെ അതിന്റെ കവര്‍ തുടക്കത്തിലേ പൊളിഞ്ഞു. ദൗത്യം ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ അത്ര പരിചയ സമ്പന്നയല്ല. സാധാരണ സംഭാഷണങ്ങള്‍ കൊണ്ടു മാത്രം ഒരു നിലവാരമുള്ള സ്റ്റോറി ചെയ്യാന്‍ സാധിക്കില്ല. ഒരു സ്റ്റോറി തയ്യാറാക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് അതു പ്രസിദ്ധീകരിക്കുന്ന ബ്രാന്‍ഡിനെ സാരമായി ബാധിക്കും. ഒരു എഡിറ്റര്‍ എന്ന നിലയില്‍ പലതും ആലോചിച്ചും ചിന്തിച്ചുമാണ് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറികള്‍ രൂപപ്പെടുത്തുന്നത്. എന്തെങ്കിലും മുക്കും മൂലയും വച്ചു സ്റ്റോറികള്‍ ചെയ്യതാല്‍ അതു ബാക്ക് ഫയര്‍ ചെയ്യും. ഇത് എനിക്ക് അനുഭവമുണ്ട്. പൂര്‍ത്തീകരിക്കാത്ത സ്റ്റോറികള്‍ അധികവും ഒഴിവാക്കുകയാണു പതിവ്. ചിലപ്പോള്‍ അത് എഡിറ്റ് ചെയ്യാന്‍ പറയും, എഡിറ്റ് ചെയ്തു കഴിയുമ്പോള്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്നു പരിശോധിക്കും. ഇതൊരു മീഡിയ പ്രാക്ടീസ് ആണ്. ഈ പറയുന്ന കാരണങ്ങള്‍ പല ആവര്‍ത്തി എന്റെ സഹപ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കിയിട്ടുമുണ്ട്. പക്ഷെ തങ്ങള്‍ ശ്രമിച്ചതെല്ലാം പ്രസിദ്ധീകരിക്കണം എന്ന് അവര്‍ക്കു തോന്നുക സ്വാഭാവികം. അങ്ങനെയല്ലാതെ വരുമ്പോള്‍ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കും.

ഇങ്ങനെ പ്രസിദ്ധീകരിക്കാത്ത ചില വിഷ്വല്‍സ് ഓഫീസ് സിസ്റ്റത്തില്‍ നിന്നും അടിച്ചുമാറ്റിയാണ് അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഒരു ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടു പണം അപഹരിക്കാന്‍ ശ്രമിക്കുക, അതില്‍ കവര്‍ ചെയ്യാന്‍ പോയ യുവതിയെ കഴിഞ്ഞ രണ്ടു മാസത്തില്‍ അധികമായി വാട്‌സാപ്പില്‍ കൂടി ഭീഷണിപ്പെടുത്തുക, മെയില്‍ അയക്കുക. ഇതൊക്കെ എത്രനാള്‍ സഹിക്കണം എന്നാണ്?ഇവരോട് ഈയുള്ളവന്‍ ആദ്യം മുതല്‍ പറയുന്നു, നിങ്ങള്‍ ഇതു പുറത്തു വിട്ടോളു… പക്ഷെ വിരട്ടു വേണ്ട!

ഈയുള്ളവന്‍ തെഹല്‍ക്കയുടെ എഡിറ്റര്‍ ആയിരുന്ന സമയത്തു തന്നെ പബ്ലിഷിംഗ് യോഗ്യമല്ലാത്ത 1400 സ്റ്റോറികള്‍ ആര്‍ക്കൈവില്‍ ഉണ്ട്. അതവരുടെ മീഡിയ മാനേജ്‌മെന്റിന്റെ ഭാഗമാണ്. തെഹല്‍ക്കയുടെ ലേബലില്‍ സ്റ്റോറികള്‍ എന്തൊക്കെ പോകണം, ഏതൊക്കെ വേണ്ടായെന്നു നിശ്ചയിക്കാന്‍ കാലാകാലങ്ങളില്‍ ആളുകളും ഉണ്ടായിരുന്നു. എല്ലാ മീഡിയഹൗസിലും ഇതു പോലെ സ്റ്റോറികള്‍ ഉറപ്പായിട്ടും കാണും. അതിനുള്ള ന്യായീകരണം അവര്‍ക്കുണ്ടാകുകയും ചെയ്യും.

ഈയുള്ളവന്‍ മുന്‍പില്‍ നിന്നും ചെയ്ത എല്ലാ സ്റ്റിംഗ് ഓപ്പറേഷന്‍സും പബ്ലിഷ് ചെയ്തിട്ടുണ്ട്. ബീഹാര്‍ സ്റ്റിംഗ് ഓഫീസ് സര്‍വറില്‍ നിന്നും ലീക്ക് ആയി. ഇതൊക്കെ ഒരു മീഡിയഹൗസില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ ചെയ്ത സ്റ്റോറി റിലീസ് ആയി, പക്ഷെ മറ്റുള്ളവരുടെ മീഡിയയില്‍ കൂടിയായതിനാല്‍ അന്ന് ഈയുള്ളവന്‍ രാജി സമര്‍പ്പിച്ചു. പക്ഷെ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും നിര്‍ബന്ധിച്ച്, അന്നു രാജി പിന്‍വലിച്ചു.

ബാല്‍ താക്കറെ  അന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരനെ കുറിച്ച് ഒരു കവര്‍ സ്റ്റോറി ഈയുള്ളവന്‍ പ്രസിദ്ധീകരിച്ചു. അന്നും മാനേജ്!മെന്റ് കോപ്പികള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചു. അന്നും രാജി വയ്ക്കാന്‍ ഒരുങ്ങി പിന്‍വലിച്ചത് മാനേജ്‌മെന്റ് സമ്മര്‍ദ്ദം മൂലമാണ്. കൂടെ ജോലി ചെയ്യുന്ന പല സഹപ്രവര്‍ത്തകരുടെയും ജോലിയും അതിന്റെ കൂട്ടത്തില്‍ പോകുന്നതും എന്നെ രാജി വയ്ക്കുന്നതില്‍ നിന്നും പിന്‍വലിപ്പിച്ചു.

ഒടുവില്‍ തെഹല്‍ക്കയില്‍ നിന്നും 2015 ഡിസംബറില്‍ ഈയുള്ളവന്‍ രാജിവച്ചു, ഒരു മാസം കഴിഞ്ഞു കാണും, കൂടെ ജോലി ചെയ്തിരുന്ന പലരെയും മാനേജ്‌മെന്റ് ഉപേക്ഷിച്ചു. അവര്‍ക്കു പുറത്തുപോകേണ്ടി വന്നു.

ഇപ്പോഴും പറയുന്ന ഒരു സത്യമുണ്ട്, വസ്തുതയോടെ മാത്രമേ വാര്‍ത്തകളും വിശകലനങ്ങളും കൊടുക്കാവൂ. മുഴുവന്‍ ഇന്‍ഫൊര്‍മേഷന്‍സ് ശേഖരിക്കാന്‍ സാധിച്ചില്ല എങ്കില്‍ ഒഴിവാക്കണം. കാരണം കൂടുതല്‍ തെളിവില്ലാതെ വാക്കുകളുടെ പ്രയോഗത്തിലെ സാഹിത്യം മാത്രം വച്ചു മുന്നോട്ടു പോയാല്‍ വാര്‍ത്തകള്‍ തിരിച്ചടിക്കും.’