അരീക്കോട്: ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠത്തിന്റെ പേരില്‍ 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ വീണ്ടും വിതരണത്തിനെത്തയത് വിവാദമാകുന്നു. പാലക്കാട് മലപ്പുറം ജില്ലകളിലാണ് പുസ്തകം വീണ്ടും വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്.

മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജി.യു.പി. സ്‌കൂളിലാണ് വിവാദ പുസ്തകം വീണ്ടും വിതരണം ചെയ്തത്. ഷൊര്‍ണൂര്‍ ഉപജില്ലയിലെ അഞ്ച് ക്ലസ്റ്ററുകളിലെ ഒമ്പത് സ്‌കൂളുകളിലും മതമില്ലാത്ത ജീവന്‍ ഉള്‍പ്പെടുന്ന പാഠപുസ്തകം വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. 685 പുസ്തകങ്ങളാണ് പാലക്കാട് വിതരണം ചെയ്തിട്ടുള്ളത്.

സംഭവം വിവാദമായതോടെ പാഠപുസ്തകങ്ങള്‍ തിരികെ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഷൊര്‍ണൂര്‍ ഉപജില്ലയില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ ഇതിനകം തന്നെ സ്‌കൂളധികൃതര്‍ തിരിച്ചുവാങ്ങി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ അരീക്കോട് വിതരണം ചെയ്ത പുസ്തകങ്ങളും തിരികെ വാങ്ങാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു.

മതമില്ലാത്ത ജീവന്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അരീക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എ.ഇ.ഒ പുസ്തകം തിരിച്ചുവാങ്ങാന്‍ പ്രധാനാധ്യാപകനോട് നിര്‍ദേശിച്ചു. വ്യാഴാഴ്ച പുസ്തകം ക്ലാസില്‍ കൊണ്ടുവന്ന ഇരുപതോളം പേരില്‍നിന്ന് തിരിച്ചുവാങ്ങി. ഇതിനുപുറമെ നാല്പതോളം കുട്ടികള്‍ക്ക് പുസ്തകം നല്‍കിയിട്ടുണ്ട്. ഇതില്‍ എത്രപേരുടെ പുസ്തകത്തില്‍ വിവാദപാഠം ഉണ്ടെന്നത് പരിശോധിച്ചേ പറയാനാവൂവെന്ന് മുണ്ടമ്പ്ര സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എ. ബാബു പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഓഫീസ് സൂപ്രണ്ടും ഇന്ന് സ്‌കൂളില്‍ അന്വേഷണം നടത്തും.

2008ല്‍ പുറത്തിറങ്ങിയ ഏഴാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിലാണ് ‘മതമില്ലാത്ത ജീവന്‍’ എന്ന അധ്യായം ഉള്‍പ്പെടുത്തിയിരുന്നത്. മതനിഷേധമായ ആശയങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്ന് ഈ പാഠഭാഗം ഏറെ വിവാദമാകുകയും നിരവധി സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ പിന്‍വലിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ ഈ പാഠഭാഗം ചില ഭാഗങ്ങളില്‍ വിതരണം ചെയ്തത് വീണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇടത്, യു.ഡി.എഫ് സംഘടനകള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി. 2009ലും 2010ലും അച്ചടിച്ച് കടലാസ് വിലയ്ക്ക് തൂക്കിവിറ്റ പുസ്തകങ്ങള്‍ തിരിച്ചുവാങ്ങിയാണ് ഈ വര്‍ഷം സ്‌കൂളുകളില്‍ വിതരണം നടത്തിയതെന്നും ഇക്കൂട്ടത്തിലാണ് പിന്‍വലിച്ച പാഠമുള്ള പുസ്തകം പെട്ടതെന്നുമാണ് ഇടത് അധ്യാപകസംഘടനകളുടെ ആരോപണം. നേരത്തെ പാഠഭാഗം വിവാദമായ സമയത്ത് ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നവരാണ് മുസ്‌ലീം ലീഗ്. ഇതേ പാര്‍ട്ടിയുടെ മന്ത്രി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് ഈ പാഠഭാഗം പ്രത്യക്ഷപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മുന്‍കാലങ്ങളില്‍ അച്ചടിച്ച പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം നല്‍കാതെ കെട്ടിവെച്ച് കടലാസ് വിലയ്ക്ക് തൂക്കിവില്‍ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി ഈ സര്‍ക്കാര്‍ വെളിച്ചത്തുകൊണ്ടുവന്നതിലുള്ള അമര്‍ഷമാണ് ഇടത് സംഘടനകള്‍ക്കെന്നാണ് യു.ഡി.എഫ് സംഘടനകളുടെ നിലപാട്.