കറാച്ചി: ഒത്തുകളി വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പാക് ക്രിക്കറ്റ് താരം സല്‍മാന്‍ ബട്ടിന് ഏഴുവര്‍ഷം വരെ വിലക്കു ലഭിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ആരോപണവിധേയരായ മുഹമ്മദ് ആമിര്‍, മൂഹമ്മദ് ആസിഫ് എന്നിവര്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാമെന്നും സൂചനയുണ്ട്. എന്നാല്‍ ഇവര്‍ക്കും രണ്ടുവര്‍ഷം വരെ വിലക്കുലഭിച്ചേക്കും.

നിലവിലെ സാഹചര്യങ്ങളില്‍ വിലക്കില്ലാതെ സല്‍മാന്‍ ബട്ടിന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് ഐ സി സി യുടെ ഉന്നതര്‍ സൂചിപ്പിച്ചിട്ടുള്ളത്. തന്റെ ഭാഗം ശരിയായരീതിയില്‍ വിശദീകരിക്കാന്‍ ബട്ടിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ഒത്തുകളിക്കാന്‍ മസര്‍ മജീദ് എന്ന ഇടനിലക്കാരനില്‍ നിന്നും മൂന്നുപാക് താരങ്ങളും പണംവാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഐ സി സി അന്വേഷണം നടത്തുകയും മൂന്നുതാരങ്ങളെയും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.