കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ തുടര്‍ തോല്‍വികളില്‍ ഉഴയുന്ന ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അസ്വാരസങ്ങള്‍. ശ്രീലങ്കന്‍ നായകന്‍ ചമര കപുഗേദരയുടെ പിന്മാറ്റത്തിനു കാരണം പരിക്കുകളല്ലെന്നും ടീമിലെ പ്രശ്‌നങ്ങളുമാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയെ നയിച്ച കപുഗേദരയ്ക്ക് പകരം ലസിത് മലിംഗയാണ് അടുത്ത മത്സരത്തില്‍ ലങ്കയെ നയിക്കുന്നത്. താരത്തിന്റെ പരിക്കാണ് ടീമില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കാരണമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നതെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലെന്നാണ്് ടീം വൃത്തങ്ങള്‍ പറയുന്നത്.


Also Read: ചരിത്രമെഴുതി ബംഗ്ലാ കടുവകള്‍; ഓസീസിനെതിരെ ആദ്യ ടെസ്റ്റ് ജയം


മൂന്നാം ഏകിദനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള കപുഗേദരയുടെ തീരുമാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മത്സരത്തില്‍ ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ടീമിന്റെ തീരുമാനം. എന്നാല്‍ കപുഗേദര അതിന് വിപരീതമായി പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മത്സരത്തില്‍ ആറുവിക്കറ്റിനാണ് ടീം പരാജയപ്പെട്ടത് ഇതോടെയാണ് നായകന്റെ തീരുമാനത്തിനെതിരെ ടീമില്‍ നിന്ന് ശബ്ദമുയരുന്നത്. വിഷയത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച ലങ്കന്‍ നായകന്‍ ടീമിന്റെ തീരുമാനത്തിനു വിരുദ്ധമായി ബാറ്റിങ് തിരഞ്ഞെടുത്തതിനെ ബോര്‍ഡ് സംശയാസ്പദമായാണ് കാണുന്നത്.

അട്ടിമറിയ്ക്കോ കോഴയ്ക്കോ ഉള്ള സാധ്യതയില്ലെന്ന് ടീമിലെ സപ്പോര്‍ട്ടിങ് സറ്റാഫ് വ്യക്തമാക്കിയെങ്കിലും അന്വേഷണവുമായി ബോര്‍ഡ് മുന്നോട്ട് പോകുമെന്നാണ് വിവരങ്ങള്‍.