ദുബൈ: പാക്കിസ്താന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ടീമിലെ മുതിര്‍ന്ന നാലുതാരങ്ങള്‍കൂടി ഒത്തുകളിച്ചെന്ന് വാതുവെയ്പ്പുമായി ബന്ധപ്പെട്ട അറസ്റ്റിലായ മസര്‍മജീദ് വ്യക്തമാക്കി. ജിയോ ടി വി സംപ്രേഷണം ചെയ്ത വീഡിയോയിലാണ് മജീദ് നാലുകളിക്കാര്‍ക്ക് നേരേ സൂചനനല്‍കിയിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍, ഇമ്രാന്‍ ഫര്‍ഹാത്, പേസറായ വാഹിബ് റിയാസ് എന്നിവരാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. അതിനിടെ പുതിയ സംഭവവികാസങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ വാതുവയെപ്പില്‍ ചില ഇന്ത്യക്കാരുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോയും ജിയോ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ആരോപണവിധേയരായ പാക് താരങ്ങള്‍ക്ക് ഇവര്‍ സഹായം നല്‍കിയതായി മസര്‍ മജീദ് ആരോപിക്കുന്നുണ്ട്. പുതിയ സംഭവവികാസങ്ങള്‍ പാക് ക്രിക്കറ്റിനെ നിലനില്‍പ്പിനെതന്നെ അപകടത്തിലാക്കിയേക്കുമെന്നാണ് സൂചന.