സന: യെമനില്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ സൈന്യത്തിന്റെ ക്രൂരമായ ആക്രമണം. വെടിവെപ്പില്‍
45 പേര്‍ മരിച്ചു. നൂറുകണക്കിന് പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനുശേഷം യെമന്‍ തലസ്ഥാനമായ സനയിലെ സര്‍വകലാശാലയ്ക്ക് മുമ്പില്‍ കേന്ദ്രീകരിച്ചതായിരുന്നു പ്രക്ഷോഭകാരികള്‍. ഇവര്‍ക്ക് നേരെയാണ് പോലീസ് വെടിവെച്ചത്. ഇരുപതിനായിരത്തോളം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.

സര്‍വ്വകലാശാലയ്ക്കടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും സൈന്യം പ്രക്ഷോഭകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടത്തില്‍ നിന്നും പുകയുയര്‍ന്നതിനാല്‍ വെടിവെപ്പുനടത്തിയവരെ വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം പൗരന്‍മാരുടെ വേഷത്തിലെത്തിയാണ് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് യമനില്‍ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യെമനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 61 ആയി ഉയര്‍ന്നു. പ്രസിഡന്റ് അലി അബ്ദുല്ല സാലെയുടെ 32 വര്‍ഷം നീണ്ട ഭരണത്തിന് അറുതിവരുത്താനാണ് യെമന്‍ ജനത പ്രക്ഷോഭം നടത്തുന്നത്.