ജറൂസലം: സാമ്പത്തിക പരിഷ്‌കരണം ആവശ്യപ്പെട്ട് ഇസ്രയേലില്‍ ലക്ഷങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ രണ്ടുമാസമായി ആരംഭിച്ച പൊതുജനങ്ങളുടെ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമായി വന്‍ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. രാജ്യം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തില്‍ നാലു ലക്ഷത്തിലേറെ പേരാണു തെരുവിലിറങ്ങിയത്. തലസ്ഥാനമായ തെല്‍ അവീവില്‍ മാത്രം മൂന്നു ലക്ഷത്തിലേറെ പേര്‍ അണിചേര്‍ന്നു.

ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ രണ്ടു മാസം മുന്‍പാണ് ഇസ്രയേലില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. സാമൂഹിക നീതി, കൂടുതല്‍ സാമ്പത്തിക സമത്വം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള മുന്നേറ്റമായി മാറിയ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യദിനത്തിന്റെ പ്രതീതിയാണെന്നു സമരനേതാവ് യൊനാതന്‍ ലെവി പറയുന്നു. നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ ഈ മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്.

ജറുസലമില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനു സമീപമുള്ള പാരിസ് ചത്വരത്തിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുമായി അരലക്ഷം പേരുടെ പ്രതിഷേധമാണു നടന്നത്. മറ്റൊരു നഗരമായ ഹൈഫയും കൂറ്റന്‍ പ്രതിഷേധ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇസ്രായേല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ പ്രക്ഷോഭം അരങ്ങേറുന്നത്. സാമൂഹിക നീതി എന്ന മുദ്രാവാക്യവുമായി ഇടത്തരക്കാരായ ജനങ്ങളാണു കൂടുതലും തെരുവിലിറങ്ങുന്നത്. വിദ്യാര്‍ഥി സംഘടനകളുടെയും യുവാക്കളുടെയും പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

കഴിഞ്ഞദിവസം നടന്ന പ്രകടനങ്ങളില്‍ സ്വകാര്യവത്കരണത്തിനും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിക്കുമെതിരായ മുദ്രാവാക്യങ്ങളാണുയര്‍ന്നത്. പുതിയ സാമ്പത്തിക നയങ്ങള്‍ കാരണം ഇസ്രായേലില്‍ ഭവനനിര്‍മാണത്തിനും മറ്റും വലിയ ചെലവാണ് വരുന്നത്. തുടരുന്ന പ്രക്ഷോഭം ഇസ്രയേലിന്റെ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.