തിരുവനന്തപുരം: അതിതീവ്രന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം 15 ാം തിയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

‘ 45 പേരടങ്ങുന്ന കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.’

അതേസമയം തിരുവനന്തപുരത്തിന് 391 കിലോ മീറ്റര്‍ അകലെ അതിത്രീവന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശമൊട്ടാകെ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Also Read: കേരളത്തിന് വേണ്ടി ബൂട്ടണിയാന്‍ തൃശൂര്‍ക്കാരനും; യുവതാരം അനന്തു മുരളി കേരളാ ബ്ലാസ്റ്റേഴ്‌സില്‍


 

കടലില്‍ 65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം നല്‍കുന്ന വിവരം. കടലില്‍ പോയ ബോട്ടുകളില്‍ പലതും ലക്ഷദ്വീപില്‍ അടുപ്പിച്ചിരിക്കുകയാണ്.

കടുത്ത ന്യുനമര്‍ദത്തെ തുടര്‍ന്ന് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചു. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

തിരുവനന്തപുരത്തിന് 391 കിലോ മീറ്റര്‍ അകലെ രൂപപ്പെട്ട ന്യൂനമര്‍ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.