മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ അന്തരിച്ചു. മാസൂം, വാണ്ടഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ദറിന്റെ അകാല വിയോഗം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. 44 വയസായിരുന്നു ഇന്ദറിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നെങ്കിലും താരം സിനിമാ-സീരിയല്‍ രംഗത്ത് സജീവമായി തന്നെ തുടര്‍ന്നിരുന്നു. അന്ധേരിയിലെ സ്വവസതിയില്‍ പുലര്‍ച്ചയോടെയായിരന്നു അന്ത്യം. ഇന്ന് വൈകിട്ട് ആറുമണിയ്ക്ക് യാരി റോഡിലെ ശ്മശാനത്തില്‍ മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദഹിപ്പിക്കും.

സല്‍മാന്‍ ഖാന്റെ വാണ്ടഡിലൂടെയാണ് ഇന്ദര്‍ ശ്രദ്ധേയനാവുന്നത്. കഹീന്‍ പ്യാര്‍ നാ ഹോ ജായേ, തും കൊ ന ബൂല്‍ പായേങ്കെ തുടങ്ങിയ ചിത്രങ്ങളിലും സല്‍മാനൊപ്പം അഭിനയിച്ചിരുന്നു. എക്താ കപൂറിന്റെ ടി.വി സീരിയലായ ക്യൂം കി സാസ് ബി കബി ബഹൂ ദിയിലും ഇന്ദര്‍ അഭിനയിച്ചിരുന്നു.


Also Read:  കുടിക്കും, വലിക്കും; പക്ഷേ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് മാത്രം പറയരുത്; പൊലീസുകാരോട് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍ 


2014 ല്‍ സിനിമാ വാഗ്ദനം നല്‍കി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയെ തുടര്‍ന്ന് ഇന്ദര്‍ വിവാദങ്ങളിലും നിറഞ്ഞിരുന്നു. ഫട്ടി പടി ഹേ യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരെയാണ് ഇന്ദറിന്റെ അപ്രതീക്ഷിത മരണം. താരത്തിന്റെ മരണത്തില്‍ നിരവധി ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും ഇന്ദര്‍ വളരെ ചെറുപ്പമായിരുന്നുവെന്നും വേദന താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിയട്ടെ എന്ന് രവീണ ടണ്ടന്‍ ട്വീറ്റ് ചെയ്തു. കില്ലാഡിയോം കാ കില്ലാഡിയില്‍ രവീണയ്‌ക്കൊപ്പം ഇന്ദറും അഭിനയിച്ചിരുന്നു.