ന്യൂദല്‍ഹി: അയോധ്യ തര്‍ക്കത്തിലെ കോടതി വിധി ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന് ന്യായീകരണമല്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. മസ്ജിദ് തകര്‍ത്തതിലൂടെ അവര്‍ നിയമം കയ്യിലെടുക്കുകയായിരുന്നു. 1992ല്‍ നടന്ന സംഭവത്തെ ന്യായീകരിക്കുന്നതാണ് ജഡ്ജുമാരുടെ വിധിയെന്ന് ആരും വ്യാഖ്യാനിക്കരുത്- ചിദംബരം പറഞ്ഞു.

കേസില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു റോളുമില്ലെന്നും ക്രമസമാധാനം കാത്തുസൂക്ഷിക്കുക മാത്രമാണ് സര്‍ക്കാറിന് ചെയ്യാനുള്ളതെന്നും ആദ്ദേഹം പറഞ്ഞു. വിധിപ്രഖ്യാപനം പ്രധാനപ്പെട്ട ഒരു രേഖയാണ്. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കാം.

സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അലഹബാദ് ഹൈക്കോടതി വിധിയനുസരിച്ച് നടപടിയെടുക്കാന്‍ കഴിയില്ല. 1994ലെ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ മാധ്യമങ്ങള്‍ അമിത വ്യാഖ്യാനം നല്‍കരുതെന്നും ചിദംബരം പറഞ്ഞു.