Administrator
Administrator
ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍
Administrator
Monday 16th August 2010 6:55pm

സി ലതീഷ് കുമാര്‍

ഒരുജന്‍മംകൊണ്ട് അനേകം ജന്‍മങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സന്ദേശമാകുന്നു ഫുക്കുവോക്ക. തന്റെ ഋഷി തുല്യമായ ജീവിതംകൊണ്ട് ഫുക്കുവോക്ക മുളപ്പിച്ച ആശയങ്ങള്‍ എന്നും വേരറ്റുപോകാതെ നില്‍ക്കുമെന്ന് നമുക്കുറപ്പിക്കാം. അവ അത്രമാത്രം അസ്ഥിത്വമുള്ള സംവേദനങ്ങളാണ്.

തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ മുളപൊട്ടിയ ആശയങ്ങള്‍ ലോകത്തില്‍ ഏതു തരത്തിലുള്ള വേരോട്ടമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഫുക്കുവോക്കയ്ക്കുപോലും ഒരുപക്ഷേ നിശ്ചയമുണ്ടായിരിക്കില്ല. അത്രക്ക് വൈരുധ്യം നിറഞ്ഞ ഒരാശയമാണ് അക്കാലത്ത് അദ്ദേഹം വെളിപ്പെടുത്തിയത്.

ശാസ്ത്രം കണ്ടെത്തിയ ‘വികാസങ്ങളുടെ ചരിത്രം’ മുന്നില്‍ കിടക്കുകയും അതിന് വിരുദ്ധമായി ഒരുപുല്‍ക്കൊടി കൊണ്ട് ഭൂമിയെ സമ്പന്നമാക്കാമെന്നും അവകാശപ്പെടുന്ന ഫുക്കുവോക്കയുടെ ചിന്തകള്‍ അത്ര എളുപ്പം വിലപ്പോവുന്നതായിരുന്നില്ല. എന്നാല്‍ അവ വിശുദ്ധവും സമ്പന്നവുമാണെന്ന് അധികം വൈകാതെ ലോകം തിരിച്ചറിഞ്ഞു.

ഫുക്കുവോക്കയുടെ ആശയങ്ങളില്‍ നിന്ന് കൃഷിരീതി മാത്രമല്ല സമാനമായ ഒരുപാട് ബദല്‍ ചിന്തകള്‍ രൂപപ്പെടുകയും അതൊരു സാംസ്‌കാരിക ദൗത്യത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ ആരോഗ്യ-സാംസ്‌കാരിക ,രാഷ്ട്രീയ പാരിസ്ഥിതിക രംഗത്തെ ഉള്‍ക്കാഴ്ച്ചയും പ്രബോധനവുമായി അവ രൂപാന്തരപ്പെടുന്നു.
മണ്ണിലേക്കും മനുഷ്യനിലേക്കും തിരിച്ചുവരാനുള്ള ഒരു വഴിയായി ഒരുപുസ്തകവും ഒരു മനുഷ്യനും മാറുന്നു. വഴി പിഴച്ചുപോയ ഒരു സമൂഹത്തോട് ഉറച്ചസ്വരത്തില്‍ അദ്ദേഹം സംസാരിച്ചു. ഫുക്കുവോക്ക ആകസ്മികമായി ഒരു കൃഷിക്കാരനായി തീര്‍ന്നതല്ല. അനുഭവങ്ങളുടെ ഒരുമഹാലോകം അദ്ദേഹത്തിന്റെ മുന്‍പിലുണ്ടായിരുന്നു. 1913 ഫിബ്രവരി രണ്ടിന് ജപ്പാനിലെ ഒരുകൊച്ചുഗ്രാമത്തില്‍ ജനിച്ച ഫുക്കുവോക്ക ചെറുപ്രായത്തില്‍ത്തന്നെ ശാസ്ത്രഗവേഷകനായിരുന്നു. ജപ്പാനിലെ അറിയപ്പെടുന്ന ഒരു സോയില്‍ സയന്റിസ്റ്റും മൈക്ക്രോബയോളജിസ്റ്റുമായിരുന്നു അദ്ദേഹം. എന്നാല്‍ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ആധുനിക കൃഷിരീതിയില്‍ സംശയം തോന്നിയപ്പോള്‍ അദ്ദേഹം ഗവേഷകപദവി ഉപേക്ഷിച്ചു പുറത്തുപോരുന്നു.

ജോലി ഉപേക്ഷിച്ചു സ്വന്തംഭൂമിയിലേക്ക് തിരിച്ചുവന്നു എന്ന് ഫുക്കുവോക്ക പ്രഖ്യാപിച്ചു. ‘ഇതാ, ഈയൊരൊറ്റ വൈക്കോലിഴയില്‍ നിന്ന് തുടങ്ങാം. ഈ വൈക്കോലിഴ ചെറുതും ലഘുവുമാണ്. എന്നാല്‍ ഇതിന്റെ ഘനം മിക്കവര്‍ക്കുമറിയില്ല. ഈ വൈക്കോലിന്റഎ ശരിയായ മൂല്യമെന്തെന്ന് ആളകള്‍ക്കറിയാമെങ്കില്‍ ഈ രാജ്യവും ലോകവും മാറ്റാന്‍ തക്ക വിപ്ലവം സാധ്യമായേനേ.

തെക്കന്‍ ജപ്പാനിലെ ഷിതോക്കു ദ്വീപില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ശബ്ദം ബദല്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ മാനിഫെസ്റ്റോയായിരുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ വേണ്ടി മണ്ണിനെ ഉഴുതുമറിച്ച് കീടനാശിനിയും രാസവളങ്ങളും തള്ളിച്ച് ആധുനികശാസ്ത്രം നടത്തുന്ന കൈയ്യേറ്റത്തെ അദ്ദേഹം എതിര്‍ത്തു. ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന കൃഷിസമ്പ്രദായം മനുഷ്യരാശിയേയും ജന്തുലോകത്തെയും കൊന്നൊടുക്കുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഭൂമി ഉഴുതുമറിക്കുകയോ കള പറിക്കുകയോ, വളമോ, കീടനാശിനിയോ ഉപയോഗിക്കാതെയുള്ള സ്വാഭാവിക കൃഷിരീതി അദ്ദേഹം വികസിപ്പിച്ചെടുത്തു.

എന്നാല്‍ ലോകം ഫുക്കുവോക്കയെ സംശയത്തോടെയാണ് വീക്ഷിച്ചത്. പരിഹാസത്തിന്റെയും മുറുമുറുപ്പിന്റെയും മുള്‍മുനയില്‍ നിന്ന്‌കൊണ്ട് ശാസ്ത്രത്തിന്റെ അനൗചിത്യത്തെ അദ്ദേഹം വെല്ലുവിളിച്ചു. പറയാനുള്ളത് ഉറക്കെ പറഞ്ഞു. അത്യുല്‍പാദനത്തിന് വേണ്ടി അഥവാ അമിത ലാഭത്തിന് വേണ്ടി കൃഷിഭൂമിയെ വിഷമയമാക്കുമ്പോള്‍ നാളെ തരിശായിപ്പോകാനിടയുളള മണ്ണിനെക്കുറിച്ച് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിക്കു മുമ്പില്‍ വറ്റിപ്പോകുന്ന കാരുണ്യത്തെക്കുറിച്ച് അദ്ദേഹം സഹതപിച്ചു. ഒടുവില്‍ എല്ലാ കെടുതികള്‍ക്കിടയിലും ജീവിക്കുന്ന നെന്മണിയുടെ വീര്യം അദ്ദേഹത്തിന് പ്രതീക്ഷ നല്‍കി.

‘ഒരു പുല്‍ക്കൊടിക്ക് വസന്തത്തിന്റെ ജനനത്തിനും

ശരത്തിന്റെ മരണത്തിനും

എന്ത് അര്‍ഥം നല്‍കാനാവും

ജീവിതം സന്തോഷകരമാണെന്നും

മരണം വ്യസനമാണെന്നും

ആളുകള്‍ കരുതുന്നു

എന്നാല്‍ മണ്ണില്‍ വീണ്

വസന്തത്തില്‍ മുളച്ചുയര്‍ന്ന്

പിന്നെ തണ്ടും ഓലയും അഴുകുന്ന

ഈ നെല്‍ച്ചെടി മരണത്തിലും

വിത്തിന്റെ സൂക്ഷമ ഹൃദയത്തില്‍

ഈ ആനന്ദം ന,ഷ്ടപ്പെടുന്നില്ല

ക്ഷണികമായ ഒരു കടന്നു പോകല്‍

മാത്രമാണ് മരണം

ജീവിതത്തിന്റെ നിറഞ്ഞ നിര്‍വൃതി

കാത്തു സൂക്ഷിക്കുന്നു എന്നതിനാല്‍ ഈ നെന്മണി മരണത്തിന്റെ വ്യസനമറിയുന്നില്ല’

ഫുക്കുവോക്ക പറഞ്ഞു നിര്‍ത്തി.

ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഉറവയായി വന്ന വാക്കുകള്‍ രാപ്പകലില്ലാതെ മഞ്ഞിലും മഴയിലും കാവലിരുന്ന ഒരു കൃഷിക്കാരന്റെ അന്തര്‍ഗതങ്ങളാണ്.

കൃഷിയെ അതിന്റെ പാട്ടിന് വിട്ട് അദ്ദേഹം പല മണ്ണില്‍ കൃഷിയിറക്കി. കളകള്‍ നിറഞ്ഞ മണ്ണില്‍ വിത്ത് വിതച്ചു. അവ കതിരിട്ടു വിളഞ്ഞു. ഈടുറപ്പുള്ള നെല്‍ച്ചടികളായി. ഫുക്കുോവക്കക്ക് അത് മതിയായിരുന്നു. ഭൂമി ഉഴുതു മറിച്ചില്ല, കളകള്‍ പറിച്ചില്ല, കീടനാശിനികള്‍ പ്രയോഗിച്ചില്ല.

മണ്ണുമായി ഏറെ സഹവര്‍ത്തിത്വം പുലര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃഷി രീതി.

നമ്മുടെ ഭക്ഷ്യ വസ്തുക്കള്‍ സര്‍വത്ര മലിനമായ കാലത്താണ് വീണ്ടും ഫുക്കുവോക്കയെ ഓര്‍മ്മിക്കേണ്ടി വരുന്നത്. കേരളത്തിന്റെ നെല്ലറകളില്‍ നിന്ന് പുറത്തു വരുന്ന വെളുത്ത നെന്മണികള്‍ മാരകമായ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കേടാവാതെ സൂക്ഷിച്ചവയാണ്. കാവിയില്‍ മുക്കി നിറം മാറ്റി അത് പുതിയ വിപണി കണ്ടെത്തുന്നു.

പുതിയ മാര്‍ക്കറ്റുണ്ടാക്കാന്‍ മനുഷ്യന്‍ നമടത്തുന്ന ഈ കയ്യേറ്റം ഫുക്കുവോക്ക സങ്കല്‍പിച്ചതിലും ഭീകരമായിരുന്നു. ഈ ഹിംസാത്മകതയുടെ വേരറുക്കാന്‍ ഇനി മണ്ണില്‍ എത്ര ഫുക്കുവോക്കമാര്‍ ജനിക്കേണ്ടിയിരിക്കുന്നു.

ജൈവ മൂല്യങ്ങളെ അന്വേഷിച്ച് കൃഷി ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാളും ഫുക്കുവോക്കയിലൂടെ ഒന്നു കടന്നു പോകേണ്ടിയിരിക്കുന്നു, സ്വയം കൃഷിയെ അറിയാനും.

ഫുക്കുവോക്കയെക്കുറിച്ച് കേരളീയന് അറിവ് പകര്‍ന്ന് നല്‍കിയത് സി പി ഗംഗാധരനാണ്. ഫുക്കുവോക്കയുടെ ‘ ദിവണ്‍ സ്‌ട്രോ റവലൂഷന്‍’ എന്ന കൃതി അദ്ദേഹം 1987ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങിനെ ആ മഹത്തായ കൃതിയുടെ ലോകത്തെ രണ്ടാമത്തെ പരിഭാഷ മലയാളത്തില്‍ പുറത്തിറങ്ങി.

1988ല്‍ ഫുക്കുവോക്ക ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശികോത്തം പുരസ്‌കാരം അദ്ദേഹം ഇവിടെ വന്നു സ്വീകരിച്ചു. അദ്ദേഹത്തിന് മാഗ്‌സസെ അവാര്‍ഡും ലഭിച്ചു. വഴിയടഞ്ഞവര്‍ക്ക് പുതുവഴി വെട്ടിത്തുറക്കുകയായിരുന്നു ഫുക്കുവോക്ക. ഒരേ സമയം കൃഷിക്കാരനും ശാസ്ത്രകാരനും കവിയുമൊക്കെയായിരുന്നു അദ്ദേഹം. 2009 ഓഗസ്റ്റ് 16ന് ആ ഭൗതിക ശരീരം നിലച്ചു. ഒരു പുല്‍ക്കൊടിത്തുനിപിന്റെ ജീവനായി വീണ്ടുമ മണ്ണില്‍ വളരാന്‍.

Advertisement