ലണ്ടന്‍ : ഏറെ പ്രതീക്ഷയോടെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എത്തിയ ഇന്ത്യയുടെ മേരികോമിന് അഭിമാനനേട്ടം. കൂടിയ ഭാരവിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ക്വാര്‍ട്ടറിലെത്തിയത്.

51 കിലോഗ്രാം വിഭാഗം ഫ്‌ലൈവെയ്റ്റില്‍ പോളണ്ടിന്റെ കരോലിന മിക്കാല്‍ചുക്കിനെയാണ് മേരി തോല്‍പിച്ചത്. സ്‌കോര്‍ : 19-14.  48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരി ഒളിമ്പിക്‌സിനുവേണ്ടിയാണ് 51 കിലോയിലേക്ക് മാറിയത്.

Ads By Google

എന്നാല്‍ ആ മാറ്റത്തിന്റെ ഒരു ബുദ്ധിമുട്ടും മേരിയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചിരുന്നില്ല. തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീടുള്ള എല്ലാ പഞ്ചുകളും ഏറെ മികവുള്ളതായിരുന്നു. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ എതിരാളിയെ പ്രതിരോധത്തിലാക്കാന്‍ മേരിക്ക് കഴിഞ്ഞു.

ആദ്യത്തെയും അവസാനത്തെയും റൗണ്ടുകളില്‍ ഇരുവരും  തുല്യത പാലിക്കുകയായിരുന്നെങ്കിലും മറ്റുള്ള രണ്ടു റൗണ്ടുകളിലും വ്യക്തമായ മേല്‍ക്കൈ മേരിക്ക് തന്നെയായിരുന്നു. 5-4, 7-3 എന്ന സ്‌കോറുകള്‍ നേടിയാണ് ഈ രണ്ടു റൗണ്ടുകളിലും മേരി ആധിപത്യം നേടിയത്.

കരോലിന ആക്രമത്തിന് തുനിയുമ്പോഴെല്ലാം അപകടകരമായ പഞ്ചുകളല്‍ നിന്ന് തന്ത്രപരമായി വെട്ടിയൊഴിയാനും കരോലിന തീര്‍ത്ത ഷീല്‍ഡ് പിളര്‍ത്തി പോയിന്റുകള്‍ നേടാനും മേരിക്ക് കഴിഞ്ഞു. തിങ്കളാഴ്ച ടുണീഷ്യയുടെ മറൗവ രഹാലിയുമായാണ് മേരിയുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ടുള്ള മേരികോമിന്റെ ഇന്റര്‍വ്യു

മുന്നിലുള്ള ഏകലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍മാത്രം: മേരി കോം സംസാരിക്കുന്നു