എഡിറ്റര്‍
എഡിറ്റര്‍
ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം
എഡിറ്റര്‍
Wednesday 8th August 2012 6:53pm


ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിതാ ബോക്‌സിങ്ങില്‍ മേരി കോമിന് വെങ്കലം. ലോക രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ് താരം നിക്കോള ആദംസിനോടാണ് മേരി കോം സെമിയില്‍ പരാജയപ്പെട്ടത്.

11-6 എന്ന സ്‌കോറിനായിരുന്നു മേരി കോം പരാജയപ്പെട്ടത്. സെമിയില്‍ കടന്നുകൊണ്ട് മേരി മെഡല്‍ ഉറപ്പാക്കിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലുമെഡലുകള്‍ സ്വന്തമായി. ഫൈനലില്‍ കടന്നില്ലെങ്കിലും മേരി കോം നേടിയ വെങ്കലം ഇന്ത്യയ്ക്കുള്ള തിളക്കമേറിയ നേട്ടം തന്നെയാണ്.

Ads By Google

ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടിക്കൊടുക്കാന്‍ കഴിയാത്തതില്‍ താന്‍ രാജ്യത്തോട് മാപ്പു ചോദിക്കുന്നു എന്നാണ് മേരി കോം പത്രപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇനി വരും തലമുറയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും മേരി വ്യക്തമാക്കി.

മണിപ്പൂരില്‍ നിന്നുമുള്ള കായികതാരമാണ് മേരി കോം. അഞ്ചു തവണ ബോക്‌സിങ് ജേതാവ് ആയിട്ടുള്ള മേരി കോം  ക്വാര്‍ട്ടറില്‍ 51 കിലോഗ്രാം വിഭാഗം ഫളൈവെയ്റ്റില്‍ പോളണ്ടിന്റെ കരോലിന മിക്കാല്‍ചുക്കിനെ തോല്‍പിച്ചായിരുന്നു ക്വാര്‍ട്ടറില്‍ കടന്നത്. കൂടിയ ഭാരവിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി സെമിയില്‍ കടന്നിരുന്നത്.

ഒളിമ്പിക്‌സില്‍ ഇതാദ്യമായാണ് വനിതകളുടെ ബോക്‌സിങ് ഒരു മത്സരയിനം ആകുന്നത്. അതില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏക താരമാവാനും മേരിക്ക് കഴിഞ്ഞു. വനിതാ ബോക്‌സിങ്ങിന് ഒളിമ്പിക്‌സ് പ്രവേശനം കിട്ടാന്‍ ശ്രമം നടത്തിയത് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനായിരുന്നു.

ഈ വര്‍ഷം മെയില്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് ഒളിമ്പിക്‌സില്‍ മത്സരിക്കുന്നവരെ നിശ്ചയിച്ചത്. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ മേരി ലണ്ടനില്‍ എത്തുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു.

മറ്റ് മത്സരങ്ങളുടെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് മേരിക്ക് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചത്. ഇന്ത്യന്‍ താരത്തിന്റെ ഇഷ്ട വിഭാഗങ്ങളായ 46, 48 എന്നിവ ഇവിടെ ഇല്ല. ഏഷ്യന്‍ഗെയിംസിലും 51 കിലോഗ്രാം ഇനത്തില്‍ ഇറങ്ങിയാണ് മേരി വെങ്കലം നേടിയത്. പുരുഷ ബോക്‌സര്‍മാര്‍ക്കൊപ്പം ഇടിച്ചു പരിശീലിച്ചാണ് മേരി കോം ഒളിമ്പിക്‌സ് ബോക്‌സിങ്ങിനു തയാറെടുത്തത്.

ശാരിക ഫിറ്റ്നസിനൊപ്പം മാനസിക കരുത്ത് വേണ്ടുവോളം മേരി കോമിനുണ്ട്. ആഭ്യന്തരകലാപങ്ങള്‍ ആശങ്ക വിതക്കുന്ന മണിപ്പൂരില്‍ നിന്നുള്ള മേരി കോമിന് ഒരു പോരാളിയുടെ കരുത്താണ്.

കെ. ഓണ്‍ലര്‍ കോമിന്റെ ഭാര്യയായ മേരി ഇരട്ട ആണ്‍കുട്ടികളായ റെചുങ്വാറിന്റെയും ഖുപ്‌നെയ് വാറിന്റെയും മാതാവാണ്. മേരി പ്രീ ക്വാര്‍ട്ടര്‍ ജയിച്ച ഞായറാഴ്ചയായിരുന്നു ഇരുവരുടെയും അഞ്ചാം പിറന്നാള്‍. കഴിഞ്ഞ 12 വര്‍ഷമായി കായിക രംഗത്തുള്ള അവര്‍, രാജ്യത്തിനായി ഒളിമ്പിക് മെഡലെന്ന അഭിമാനനേട്ടം സ്വന്തമാക്കിയ ശേഷം കളംവിടാനുള്ള ഒരുക്കത്തിലാണ്.

അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുണ്ട് മേരി കോം. 2002ല്‍ തുര്‍ക്കിയില്‍ നടന്ന ലോക ബോക്‌സിങ് 45 കിലോഗ്രാം ഇനത്തിലാണ് ജേതാവായതെങ്കില്‍ 2005, 06, 08 വര്‍ഷങ്ങളില്‍ 46 കിലോഗ്രാമിലായിരുന്നു നേട്ടം.

തുടര്‍ന്ന് 48ലേക്ക് മാറിയ മേരി 2010ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടി. നാലുതവണ ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യനും മേരിയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ബോക്‌സിങ് അരങ്ങേറ്റം കുറിച്ച 2010ല്‍ പക്ഷേ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

Advertisement