എഡിറ്റര്‍
എഡിറ്റര്‍
മെഡല്‍ ഉറപ്പിച്ച് മേരി കോം
എഡിറ്റര്‍
Tuesday 7th August 2012 9:39am

ലണ്ടന്‍: ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍ ഉറപ്പിച്ച് മേരികോം അഭിമാനതാരമായി. വനിതകളുടെ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ ടുണീഷ്യയുടെ
മറോവ റഹാലിക്കെതിരെ നേടിയ വിജയത്തോടെ (16-5) സെമിയില്‍ കടന്ന മേരി മെഡല്‍ ഉറപ്പാക്കി. ഇനി സെമിയില്‍ തോറ്റാലും വെങ്കലം ലഭിക്കും.

ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ താരമായ നിക്കോള ആഡംസാണ് സെമിയില്‍ ലോക നാലാം നമ്പറായ മേരികോമിന്റെ എതിരാളി. മൂന്നുതവണ ലോക ചാമ്പ്യന്‍ഷിപ് നേടിയ താരമാണ് നിക്കോള. ബുധനാഴ്ച്ചയാണ് സെമിഫൈനല്‍ പോരാട്ടം.

Ads By Google

ബള്‍ഗേറിയയുടെ പെട്രോവ സ്‌റ്റോയ്‌കോവയെ തോല്‍പിച്ചാണ് നിക്കോള സെമിയില്‍ കടന്നത്. ലോക ചാമ്പ്യന്‍ഷിപ് കിരീടം നേടിയ ചൈനയുടെ റെന്‍ കങ്കാനും സെമിയില്‍ കടന്നു. ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസിലും കങ്കാന്‍ സ്വര്‍ണം നേടിയിരുന്നു.

ബോക്‌സിങ്ങില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇല്ല. തുടക്കംമുതലേ എതിരാളിക്ക് നേരെ ആക്രമിച്ചും പ്രതിരോധിച്ചും കളിച്ച മേരി മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. സ്‌കോര്‍: 15-6. ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഇന്ത്യ മൂന്നില്‍ കൂടുതല്‍ മെഡല്‍ സ്വന്തമാക്കുന്നത്.

അനായാസമായിരുന്നു മേരിയുടെ ക്വാര്‍ട്ടര്‍ വിജയം. ആദ്യ റൗണ്ടില്‍ മേരി കാര്യമായി ഒന്നും ചെയ്തില്ല. ചെറു ചലനങ്ങളിലൂടെ മറോവയെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്കുലഭിച്ച രണ്ട് അവസരങ്ങള്‍ മുതലാക്കിയാണ് 2-1 എന്ന ആദ്യ റൗണ്ട് മേരി സ്വന്തമാക്കിയത്.

രണ്ടാം റൗണ്ടില്‍ പ്രതിരോധം ഒട്ടും കുറയ്ക്കാതെ തന്നെയുള്ള ആക്രമണമായിരുന്നു മേരിയുടേത്‌. ഒറ്റക്കൈ പഞ്ചുകള്‍ മാത്രമായിരുന്നു ഈ ഘട്ടത്തില്‍. മൂന്നാം റൗണ്ടിലാണ് ഇടിയുടെ പൂരം. ഇടയ്ക്ക് ചുവടുകളുടെ താളം പിഴച്ച റഹാലി പിന്നോട്ട് ആഞ്ഞുപോയപ്പോള്‍ പിന്നാലെ കൂടിയ മേരി തുടര്‍ച്ചയായി ഇടങ്കൈ- വലങ്കൈ പഞ്ചുകള്‍ വര്‍ഷിച്ചു. ആ റൗണ്ട് അവസാനിക്കുമ്പോള്‍ സ്‌കോര്‍ 11-4. വിജയം ഉറപ്പിച്ച ശേഷമായിരുന്നു അവസാന റൗണ്ടിലേക്ക് മേരി എത്തിയത്. നാലാം റൗണ്ടില്‍ മേരി നാലുപോയിന്റുകൂടി സ്വന്തമാക്കി. റഹാലിക്ക് രണ്ട് പോയിന്റുമാത്രമേ നേടാനായൂള്ളൂ.

Advertisement