എഡിറ്റര്‍
എഡിറ്റര്‍
സ്‌കോര്‍ ചെയ്തിട്ടും പോയിന്റ് അനുവദിച്ചില്ല: ജഡ്ജിമാര്‍ക്കെതിരെ ആരോപണവുമായി മേരി കോം
എഡിറ്റര്‍
Thursday 9th August 2012 9:14am

ലണ്ടന്‍: ഒളിമ്പിക്‌സ്‌ ബോക്‌സിങ്ങില്‍ വെങ്കലമെഡല്‍ ജേതാവായ മേരി കോം ജഡ്ജിമാര്‍ക്കെതിരെ ആരോപണവുമായി രംഗത്ത്. താന്‍ സ്‌കോര്‍ ചെയ്തിട്ടും ജഡ്ജിമാര്‍ പോയിന്റ് അനുവദിച്ചില്ലെന്നാണ് മേരി കോമിന്റെ ആരോപണം.

Ads By Google

മത്സരത്തിന് ശേഷം പുറത്തെത്തിയ മേരി പത്രലേഖകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ സ്‌കോര്‍ ചെയ്യുമ്പോഴൊന്നും അവര്‍ സ്‌കോറിങ്ങ് ബട്ടണില്‍ വിരല്‍ അമര്‍ത്തിയിരുന്നില്ല. എന്റെ ശ്രദ്ധയില്‍ അത് പെട്ടിരുന്നെങ്കിലും അപ്പോള്‍ എനിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

സ്‌കോര്‍ രേഖപ്പെടുത്താത്തതില്‍ കടുത്ത വിഷമമുണ്ട്. മത്സരിച്ച് തോല്‍ക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ നമ്മുടെ പോയിന്റ് മനപൂര്‍വ്വം രേഖപ്പെടുത്താതെ ഇരിക്കുന്നത് വിഷമമാണ്. നിക്കോള ആദംസ് സമര്‍ത്ഥയായ എതിരാളിയാണ്. കൗണ്ടര്‍ പഞ്ചിങ്ങിലായിരുന്നു അവരുടെ ശ്രദ്ധ. കരുത്ത് ഏറെ ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായി അവര്‍ കളിച്ചു”- മേരി പറഞ്ഞു.

തന്റെ നേട്ടം രാജ്യത്തെ വനിതകള്‍ക്കു പ്രചോദനമാകുമെന്ന് മേരി പറഞ്ഞു. ഇനിയുമേറെപ്പേര്‍ കായികരംഗത്ത് എത്താന്‍ ഈ വിജയം തുണയ്ക്കും. രാജ്യം മുഴുവന്‍ സ്വര്‍ണമെഡല്‍ പ്രതീക്ഷിച്ചു. അതു നല്‍കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും മേരി പറഞ്ഞു.

ലോക രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ് താരം നിക്കോള ആദംസിനോടാണ് മേരി കോം സെമിയില്‍ പരാജയപ്പെട്ടത്.

11-6 എന്ന സ്‌കോറിനായിരുന്നു മേരി കോം പരാജയപ്പെട്ടത്. സെമിയില്‍ കടന്നുകൊണ്ട് മേരി മെഡല്‍ ഉറപ്പാക്കിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലുമെഡലുകള്‍ സ്വന്തമായി. ഫൈനലില്‍ കടന്നില്ലെങ്കിലും മേരി കോമിന്റെ പ്രകടനം ഇന്ത്യയ്ക്ക് തിളക്കമേറിയ നേട്ടം തന്നെയായിരുന്നു.

Advertisement