കൊല്‍ക്കത്ത: പൊതു ലൈബ്രറികളില്‍ പാര്‍ട്ടി പത്രം വിലക്കിയതിന് പിന്നാലെ മമതാ ബാനര്‍ജി പാഠപുസ്തകങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്ര അധ്യായങ്ങളും നീക്കം ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാരായ കാറല്‍ മാര്‍ക്‌സിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ പശ്ചിമ ബംഗാള്‍ എജ്യുക്കേഷന്‍ പാനല്‍ തീരുമാനിച്ചു കഴിഞ്ഞു.

പാഠപുസ്തകങ്ങളിലെ ഏകപക്ഷീയമായ കമ്മ്യൂണിസ്റ്റ് ഇടപെടലുകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ‘ ഒരു ചരിത്ര പ്രതിഭാസം എന്ന നിലയില്‍ മാര്‍ക്‌സ് പഠന വിഷയമാകേണ്ടതുണ്ട്. എന്നാല്‍ അത് മഹാത്മാഗാന്ധിയുടെയോ നെല്‍സണ്‍ മണ്ഡേലയുടെയോ ചെലവിലായിരിക്കരുത്’ തൃണമൂല്‍ എം.പി ഡെറക് ഒബ്രിയന്‍ പറഞ്ഞു. ചരിത്രം ബോള്‍ഷെവിക്കില്‍ നിന്ന് തുടങ്ങുന്നതോ ബസുമാരിലോ ഭട്ടാചാര്യമാരിലോ അവസാനിക്കുന്നതുമല്ല. ചരിത്രം അവരെ മറികടന്ന് മുന്നോട്ട് പോവുക തന്നെ ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

ആവശ്യമില്ലാത്ത പാഠഭാഗങ്ങള്‍ ഒഴിവക്കി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റി സ്ഥാപിതമായത്. പ്രത്യേക പ്രത്യയശാസ്ത്രത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പശ്ചിമ ബംഗാളില്‍ ചരിത്ര പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അതിനെ ബാലന്‍സ് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പാഠപുസ്‌കത പരിഷ്‌കരണ കമ്മിറ്റി തലവന്‍ അവിക് മജുംദാര്‍ പറയുന്നു.

അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.ഐ.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചരിത്ര സംഭവങ്ങളും ചരിത്ര പുരുഷന്‍മാരും എന്തുകൊണ്ടാണ് പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും ഇത് അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും സോമനാഥ് പറഞ്ഞു.

സര്‍ക്കാര്‍ ചെയ്യുന്നത് അതിക്രൂരമാണെന്ന് സി.പി.ഐ.എം എം.പി ഗുരുദാസ് ദാസ്ഗുപ്ത വ്യക്തമാക്കി. വ്യവസായ വിപ്ലവത്തെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് സ്വാഭാവികമായാണ് കാറല്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കണ്ടറി എജ്യുക്കേഷന്‍ കൗണ്‍സിലിന് സമര്‍പ്പിക്കും.

34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് മമതാ ബാനര്‍ജി പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായത് മുതല്‍ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി മാര്‍ക്‌സിനെയും എംഗല്‍സിനെയും ഒന്നിലധികം തവണ പരസ്യമായി വിമര്‍ശിക്കുകയുണ്ടായി. മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഠാഗോറിനും മാര്‍ക്‌സിനും പ്രസക്തിയുണ്ടെന്ന് പ്രസംഗിച്ച ബര്‍ഡൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എകണോമിക്‌സ് പ്രൊഫസര്‍ക്കെതിരെ കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ അനുയായികള്‍ കയ്യേറ്റശ്രമം നടത്തിയിരുന്നു.

Malayalam News

Kerala News in English