ന്യൂദല്‍ഹി: മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റില്‍ നടന്ന തൊഴിലാളി സമരം അവസാനിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും ഹരിയാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചയായി തുടര്‍ന്നുവന്ന സമരം പിന്‍വലിച്ചത്.

സസ്‌പെന്‍ഡ് ചെയ്ത 64 തൊഴിലാളികളെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. 1200 കരാര്‍ ജീവനക്കാരെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 30 പേര്‍ക്ക് സസ്‌പെന്‍ഷന്‍ തുടരും. പലഘട്ടമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട അന്തരീക്ഷമൊരുക്കാനും തൊഴിലാളിക്ഷേമത്തിനും വേണ്ടി രണ്ടു കമ്മറ്റികള്‍ രൂപീകരിക്കാനും ധാരണയിലെത്തി.

Subscribe Us:

പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ ഏഴിനാണ് മാരുതി സുസുക്കിയിലെ തൊഴിലാളികള്‍ സമരം തുടങ്ങിയത്. ബുധനാഴ്ച മുതല്‍ ഹരിയാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്കള്‍ നടക്കുകയായിരുന്നു. തൊഴിലാളി സംഘടനയ്ക്ക് അംഗീകാരം ആവശ്യപ്പെട്ടു നടന്ന സമരത്തിന്റെ പേരിലാണു തൊഴിലാളികളെ കമ്പനി പുറത്താക്കിയത്.