ന്യൂദല്‍ഹി: മാരുതിയുടെ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലും തുടരുന്നു. സമരം മാരുതിയുടെ ഉല്‍പ്പാദന പ്രവര്‍ത്തനത്തെ ആകെ തകിടം മറിച്ചിട്ടുണ്ട്. 500 കോടി രൂപയിലേറെയാണ് എട്ട് ദിവസത്തെ സമരം മൂലം കമ്പനി ഇതുവരെ നേരിട്ട നഷ്ടം. 17,000 കാറുകളാണ് സമരം മൂലം കമ്പനിക്ക് ഉല്‍പാദിപ്പിക്കാനാകാതെ പോയത്.

സമരത്തിലേര്‍പ്പെട്ട മൂന്നു ട്രെയിനികളടക്കം 25 ജീവനക്കാരെ മാരുതി വെള്ളിയാഴ്ച പിരിച്ചുവിട്ടു. കാര്‍ എന്‍ജിനും ഗിയര്‍ സിസ്റ്റവും നിര്‍മിക്കുന്ന സുസുകി പവര്‍ ട്രെയിന്‍ കമ്പനി 18 തൊഴിലാളികളെ പിരിച്ചുവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് ഫാക്ടറി വിട്ടു പോകണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ രണ്ടായിരത്തോളം ജീവനക്കാര്‍ അവിടെത്തന്നെ തുടരുകയാണ്.

Subscribe Us:

ബലംപ്രയോഗിച്ചു തൊഴിലാളികളെ നീക്കം ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് മാരുതി സുസുകി അധികൃതറുടെ നിലപാട്. അതേസമയം തൊഴിലാളികളെ ഫാക്ടറിയില്‍നിന്നു പുറത്താക്കാനുള്ള കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.