ന്യൂദല്‍ഹി:സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് പകരം മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ കമ്പനി പുതിയ സ്ഥിരം ജോലിക്കാരെ നിയമിക്കാനൊരുങ്ങുന്നു. ആഗസ്റ്റ് 29ന് ആരംഭിച്ച സമരം അവസാനിപ്പിച്ച് കമ്പനി പുതുതായി ഏര്‍പ്പെടുത്തിയ സത്സ്വഭാവ ബോണ്ടില്‍ ഒപ്പിടാന്‍ തിങ്കളാഴ്ച വരെ കമ്പനി സമരക്കാര്‍ക്ക് സമയം അനുവധിച്ചിട്ടുണ്ട്. തിങ്കളാഴ്ചക്കകം കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ ജോലിക്കാരെ കണ്ടെത്തുന്നതിനായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.

ഹരിയാന ലേബര്‍ അതോററ്റിയുടെയും മാരുതി സുസുക്കി മോട്ടോ കോര്‍പ്പിന്റെയും പിന്തുണയും കര്‍ക്കശമായ നിലപാടിലേക്ക് നീങ്ങാന്‍ രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി മോട്ടോര്‍ കോര്‍പിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിയാന ലേബര്‍ കമ്മീഷണര്‍ സത് വന്ദി അഹല്‍വത്താണ് തൊഴിലാളികള്‍ കരാറില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം മുന്നോട്ട്് വച്ചിരുന്നു. ബോണ്ടിലെ വിഷയങ്ങള്‍ എന്ത് തന്നെയായാലും മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ നിയമമനുസരിച്ച് ഒപ്പിടാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാണെന്നാണ് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കിയത്. തൊഴിലാളികളെ ഏത്രയും പെട്ടെന്ന് ജോലിയില്‍ തിരികെയെത്താന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ആഗസ്റ്റ് 29നാരംഭിച്ച തൊഴിലാളികളുടെ സമരം രാജ്യത്തെ മാരുതിയുടെ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഗസ്റ്റ് മാസത്തെ വില്‍പ്പന കുറയുന്നതിനും കാരണമായിരുന്നു. ദിനം പ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനേസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് ആഗസ്റ്റ് മാസത്തെ വില്‍പ്പനയില്‍ 12.74 ശതമാനം കുറവാണുണ്ടാക്കിയത്. കഴിഞ്ഞ മാസം കമ്പനി വിറ്റത് 91,442 കാറുകളാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,04,791 കാറുകള്‍ വിറ്റഴിച്ചിരുന്നു.

ഇതിനകം 81ഓളം തൊഴിലാളികള്‍ കരാറിലൊപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികളും കരാറിലൊപ്പിടാന്‍ പറ്റില്ലയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. മനേസര്‍ പ്ലാന്റില്‍ 25,00 തൊഴിലാളികളാണുള്ളത്. ഇതില്‍ ആയിരത്തോളം പേര്‍ സ്ഥിരം തൊഴിളാളികളാണ്.