ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഹരിയാനയിലെ മനേസറിലെയും ഗുര്‍ഗാണിലെയും പ്ലാന്റുകളിലെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ട് ദിവസത്തേക്കാണ് മാരുതി നിര്‍മ്മാണം നിര്‍ത്തിവെച്ചത്. സെപ്റ്റംബര്‍ 16നും 17നും പ്ലാന്റുകള്‍ തുറക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ അതേസമയും ഇരുപ്ലാന്റുകളും വീണ്ടും എന്ന് തുറക്കുമെന്ന് വ്യക്തമാക്കിയില്ല.

കമ്പനി പുതുതായി അവതരിപ്പിച്ച സത്സ്വഭാവ ബോണ്ടില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 29 മുതല്‍ മനേസര്‍ പ്ലാന്റിലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. സമരത്തിനിടെ ബുധനാഴ്ച പ്ലാന്റില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 11 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഫാക്ട്‌റിയിലെ 11 സൂപ്പര്‍വൈസര്‍മാരെ ഫാട്കറിക്ക് പുറത്ത് സമരം നടത്തുന്ന തൊഴിലാളികള്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സത്സ്വാഭാവ ബോണ്ടില്‍ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ച നാല്‍പതോളം തൊഴിലാളികളെ ഓഗസ്റ്റില്‍ പുറത്താക്കിയതോടെയാണ് മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ സമരമാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി കമ്പനി വീണ്ടും അഞ്ച് തൊഴിലാളികളെ പുറത്താക്കുകയും പകരം പുതിയ ആളുകളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ആഗസ്റ്റ് 29നാരംഭിച്ച തൊഴിലാളികളുടെ സമരം രാജ്യത്തെ മാരുതിയുടെ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഗസ്റ്റ് മാസത്തെ വില്‍പ്പന കുറയുന്നതിനും കാരണമായിരുന്നു. ദിനം പ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനേസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് ആഗസ്റ്റ് മാസത്തെ വില്‍പ്പനയില്‍ 12.74 ശതമാനം കുറവാണുണ്ടാക്കിയത്. കഴിഞ്ഞ മാസം കമ്പനി വിറ്റത് 91,442 കാറുകളാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,04,791 കാറുകള്‍ വിറ്റഴിച്ചിരുന്നു.

കമ്പനി പുതുതായി അവതരിപ്പിച്ച സത്സ്വഭാവ ബോണ്ടില്‍ ഇതിനകം 81ഓളം തൊഴിലാളികള്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികളും കരാറിലൊപ്പിടാന്‍ പറ്റില്ലയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. മനേസര്‍ പ്ലാന്റില്‍ 25,00 തൊഴിലാളികളാണുള്ളത്. ഇതില്‍ ആയിരത്തോളം പേര്‍ സ്ഥിരം തൊഴിളാളികളാണ്.

അതിനിടെ മാരുതി ജീവനക്കാരോട് അനുഭാവം പ്രകടിപ്പിച്ച് മാരുതിയുടെ മനേസര്‍ പ്ലാന്റിന് സമീപമുള്ള ജപ്പാനിലെ സുസുകി മോട്ടേര്‍ കോര്‍പറേഷന്റെ സബ്‌സീഡിയറി കമ്പനികളായ സുസുകി പവര്‍സ്‌ട്രെയിന്‍ ഇന്ത്യാ ലിമിറ്റഡിലെയും സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യാ ലിമിറ്റഡിലെയും തൊഴിലാളികളും ഇന്നലെമുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്.