Administrator
Administrator
മാരുതി ഗുജറാത്തിലേക്ക്
Administrator
Monday 31st October 2011 12:43am

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഗുജറാത്തില്‍ പുതിയ കാര്‍ പ്ലാന്റ് നിര്‍മിക്കും. ഇതിനായി മെഹ്‌സാന ജില്ലയില്‍ 1500 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അനുമതി നല്‍കി.

ഗുജാറാത്തില്‍ കുറെ സ്ഥലം സര്‍ക്കാര്‍ നല്‍കുന്നതും ബാക്കി സ്വകാര്യ വ്യക്തികളില്‍ നിന്നു വാങ്ങുന്നതുമായിരിക്കുമെന്നു കമ്പനി പറഞ്ഞു. മിക്കവാറും ഒരു മാസത്തിനകം സ്ഥലം വാങ്ങും. എത്ര മുതല്‍മുടക്കാണ് അവിടെ നടത്തുകയെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ സ്ഥിരമായ ഹരിയാനയിലെ മാനേസര്‍ പ്ലാന്റ് നിര്‍ത്താനുള്ള ആലോചനയേയില്ലെന്നും കമ്പനി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ ലാഭം മുന്‍കൊല്ലം ഇതേ കാലയളവിലേതിനെക്കാള്‍ 60% കുറഞ്ഞു. 240.44 കോടി രൂപ മാത്രമാണ് ഇക്കുറി ലാഭം നേടാനായത്. ഈ ത്രൈമാസത്തിലെ വരുമാനത്തില്‍ 14.4% ഇടിവുണ്ട്. 7831.62 കോടിയാണു നേടിയത്. മുന്‍കൊല്ലം 9147.27 കോടിയായിരുന്നു. മുന്‍കൊല്ലം ജൂലൈ-സെപ്റ്റംബറില്‍ 3,13,654 കാര്‍ വിറ്റ കമ്പനിക്ക് ഇക്കുറി 2,52,307 കാര്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഹരിയാന മാനേസര്‍ പ്ലാന്റില്‍ തൊഴില്‍പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെനാള്‍ ഉല്‍പാദനം മുടങ്ങിയതാണു ലാഭക്കുറവിനും വില്‍പന കുറയാനും കാരണമായത്.സമരം മൂലം ഉല്‍പാദനനഷ്ടം 28,539 കാറുകളും 850 കോടിയിലേറെ രൂപയുമാണെന്നു കമ്പനി പറഞ്ഞു.

ഉയര്‍ന്ന പലിശനിരക്കുകളും പെട്രോള്‍ വിലയും വില്‍പനയെ ബാധിച്ചു. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലായ ഓള്‍ട്ടോയുടെ വില്‍പന മുന്‍കൊല്ലം ഇതേ കാലത്തേക്കാള്‍ 20% കുറഞ്ഞ് പ്രതിമാസം 22,000 എന്ന നിലയിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതുവഴി കമ്പനിക്ക് 100 കോടി രൂപയുടെ അധിക ബാധ്യത വന്നതായും അധികൃതര്‍ പറഞ്ഞു.

Advertisement