ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാണക്കമ്പനിയായ മാരുതി സുസുകിയുടെ വില്‍പനയില്‍ വന്‍ ഇടിവ്. നവംബര്‍ മാസത്തില്‍ വില്‍പന 19 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. 91,7752 യൂണിറ്റിലേക്കാണ് വില്‍പന താഴ്ന്നിരിക്കുന്നത്.

അടിക്കടി വര്‍ധിക്കുന്ന പെട്രോള്‍ വിലയില്‍ ആശങ്കാകുലരായ ഉപയോക്താക്കള്‍ ഡീസല്‍ കാറുകളിലേക്കു തിരിഞ്ഞിരുന്നു. ഡീസല്‍ കാറുകളുടെ ഡിമാന്റ് കുത്തനെ ഉയര്‍ന്നതോടെ മാരുതി സുസുകി ഡീസല്‍ കാറുകളുടെ നിര്‍മാണത്തിലേക്കു ശ്രദ്ധ തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ അതുകൊണ്ടും രക്ഷയില്ല എന്നു വേണം മനസ്സിലാക്കാന്‍.

നേരത്തെ ഡീസല്‍ കാര്‍ വില മാരുതി 10,000 രൂപയോളം വര്‍ധിപ്പിക്കുകയും പെട്രോള്‍ കാറിന് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രൂപയ്ക്ക് മൂല്യത്തകര്‍ച്ചയുണ്ടായത് ഇറക്കുമതിച്ചെലവ് കൂട്ടിയെന്നും അത് വിലവര്‍ധിപ്പിക്കാന്‍ കാരണമായെന്നുമായിരുന്നു കമ്പനിയുടെ ന്യായം. ഇതിനുശേഷമാണ് വിലകുറഞ്ഞ പെട്രോള്‍ കാറുകള്‍ക്ക്‌പോലും വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞ അവസ്ഥയില്‍ ഡീസല്‍ മോഡലില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തുനിഞ്ഞിറങ്ങിയിരുന്നത്.

വായ്പാനിരക്കുകള്‍ താങ്ങാനാവാത്തതിനാലും ഇന്ധനവിലയില്‍ നിയന്ത്രണമില്ലാത്ത വര്‍ധന വരുന്നതിനാലും ഇന്ത്യയില്‍ കാര്‍ വില്‍പന കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പെട്രോള്‍ കാറുകള്‍ക്ക് മുമ്പില്ലാത്തവിധം ഡിസ്‌കൗണ്ടുകളാണ് കമ്പനികള്‍ അവതരിപ്പിക്കുന്നത്. മാരുതി സുസുകി, ഹ്യുണ്ടായ്, ഫോക്‌സ്വാഗന്‍ തുടങ്ങിയ കമ്പനികള്‍ പെട്രോള്‍ കാറുകള്‍ക്ക് 18,000 മുതല്‍ 44,000 രൂപ വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡീസല്‍ മോഡലുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കാനാണ് ഉപയോക്താക്കള്‍ക്കിഷ്ടം.വെര്‍ന സെഡന്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക് തുടങ്ങിയ ഡീസല്‍ മോഡലുകള്‍ക്ക് പത്തുമാസമാണ് താമസം.

Malayalam News
Kerala News in English