Categories

മാരുതിയുടെ മനേസര്‍ പ്ലാന്റിലെ സമരം അവസാനിച്ചു

ന്യൂദല്‍ഹി: മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ കഴിഞ്ഞ ഒരു മാസമായി ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മാനേജ്‌മെന്റും തൊഴിലാളികളും രമ്യതയിലെത്തിയത്.

സല്‍സ്വഭാവ ബോണ്ടില്‍ ഒപ്പു വെക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം ജീവനക്കാര്‍ അംഗീകരിച്ചുവെന്നാണ് സൂചന. കമ്പനി പുതുതായി അവതരിപ്പിച്ച ബോണ്ടില്‍ ഒപ്പു വെക്കാന്‍ മാരുതി നിര്‍ബന്ധം ചെലുത്തിയതോടെയാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

കമ്പനി പിരച്ചുവിട്ട 18 ട്രെയിനി ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് കമ്പനി സമ്മതിച്ചുട്ടുണ്ട്. എന്നാല്‍, പിരിച്ചു വിട്ട 44 സ്ഥിര ജീവനക്കാരെ തിരിച്ചെടുക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. സത്സ്വാഭാവ ബോണ്ടില്‍ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ച നാല്‍പതോളം തൊഴിലാളികളെ ഓഗസ്റ്റില്‍ പുറത്താക്കിയതോടെയാണ് മനേസര്‍ പ്ലാന്റില്‍ സമരമാരംഭിച്ചത്.

തൊഴിലാളി സംഘടനയായ മാരുതി സുസുക്കി എംപ്ലോയീസ് യൂണിയനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് കമ്പനി വ്യക്തമാക്കിയതിനെ തുടര്‍ന്ന് മറ്റൊരു തൊഴിലാളി യൂണിയനായ മാരുതി ഉദ്യോഗ് കംഗാര്‍ യൂണിയനാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ആഗസ്റ്റ് 29നാരംഭിച്ച തൊഴിലാളികളുടെ സമരം രാജ്യത്തെ മാരുതിയുടെ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിരുന്നു. സമരത്തെ തുടര്‍ന്ന ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഗസ്റ്റ് മാസത്തെയും സെപ്റ്റംബര്‍ മാസത്തെയും വില്‍പ്പന കുറയുന്നതിനും കാരണമായിരുന്നു.

ദിനം പ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനേസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് ആഗസ്റ്റ് മാസത്തെ വില്‍പ്പനയില്‍ 12.74 ശതമാനം കുറവാണുണ്ടാക്കിയത്. കഴിഞ്ഞ മാസം കമ്പനി വിറ്റത് 91,442 കാറുകളാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,04,791 കാറുകള്‍ വിറ്റഴിച്ചിരുന്നു.സപ്തംബര്‍ മാസത്തില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 20.8 ശതമാനമാണ് ഇടിഞ്ഞത്. 85,565 കാറുകളാണ് മാരുതി വിറ്റത്. തൊട്ടുമുന്‍ വര്‍ഷം ഇതേമാസത്തില്‍ 1,08,006 കാറുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്

കമ്പനി പുതുതായി അവതരിപ്പിച്ച സത്സ്വഭാവ ബോണ്ടില്‍ ഇതിനകം 81ഓളം തൊഴിലാളികള്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികളും കരാറിലൊപ്പിടാന്‍ പറ്റില്ലയെന്ന നിലപാടില്‍ ഉറച്ച് നിന്ന്തിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. മനേസര്‍ പ്ലാന്റില്‍ 25,00 തൊഴിലാളികളാണുള്ളത്. ഇതില്‍ ആയിരത്തോളം പേര്‍ സ്ഥിരം തൊഴിളാളികളാണ്. സമരത്തെ തുടര്‍ന്ന് ഉത്പാദനത്തില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് മാരുതി പുറത്തു നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.