ന്യൂദല്‍ഹി: തൊഴില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും മനേസര്‍ ഗുര്‍ഗ്വാണ്‍ പ്ലാന്റുകളിലായി 700 യൂണിറ്റ് സ്വിഫ്റ്റ് കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനായെന്ന് മാരുതി. മനേസര്‍ ഗുര്‍ഗ്വാണ്‍ പ്ലാന്റുകളില്‍ നിന്നായി ശനിയാഴ്ച 700 യൂണിറ്റ്് കാറുകള്‍ ഉള്‍പ്പാദിപ്പിക്കാനായി. ഇത്തരത്തില്‍ പ്രതിദിന ഉല്‍പ്പാദനം മുന്നോട്ട് പോവുകയാണെങ്കില്‍ മാസത്തില്‍ 17,500 യൂണിറ്റ് സ്വിഫ്റ്റ് കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. കമ്പനി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

തൊഴിലാളി സമരം കാരണം നിര്‍ത്തി വച്ചിരുന്ന് നിര്‍മ്മാണം ശനിയാഴ്ചയാണ് മാരുതി പുനരാരംഭിച്ചത്. കമ്പനി പുതുതായി അവതരിപ്പിച്ച സത്സ്വഭാവ ബോണ്ടില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 29 മുതല്‍ മനേസര്‍ പ്ലാന്റിലെ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയായാണ്. സമരത്തിലേര്‍പെട്ടിരിക്കുന്നവര്‍ക്ക് പകരം പുതിയ തൊഴിലാളികളെ നിയമിച്ചാണ് മാനേസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ഇതിനായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 800 ഐ.ടി.ഐ ഉദ്ദ്യോഗാര്‍ത്ഥികളെയാണ് മാരുതി പുതുതായി നിയമിച്ചത്. നിലവില്‍ 1,300 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മനേസര്‍ പ്ലാന്റില്‍ ആകെ 25,00ത്തോളം തൊഴിലാളികളാണുള്ളത്. ഇതില്‍ ആയിരത്തോളം പേര്‍ സ്ഥിരം തൊഴിളാളികളാണ്. തൊഴില്‍ പ്രശ്‌നം കാരണം സ്വിഫ്റ്റിന്റെ ഉല്‍പാദനം കുറഞ്ഞത് ഉപഭോക്താക്കളെയും വലയ്ക്കുന്നുണ്ട്. 90000 പേരാണ് പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.

തൊഴിലാളികളുടെ സമരം രാജ്യത്തെ മാരുതിയുടെ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരത്തെ തുടര്‍ന്ന ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഗസ്റ്റ് മാസത്തെ വില്‍പ്പന കുറയുന്നതിനും കാരണമായിരുന്നു. ദിനം പ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനേസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് ആഗസ്റ്റ് മാസത്തെ വില്‍പ്പനയില്‍ 12.74 ശതമാനം കുറവാണുണ്ടാക്കിയത്. കഴിഞ്ഞ മാസം കമ്പനി വിറ്റത് 91,442 കാറുകളാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,04,791 കാറുകള്‍ വിറ്റഴിച്ചിരുന്നു.