എഡിറ്റര്‍
എഡിറ്റര്‍
മനേസര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാംരംഭിച്ചു
എഡിറ്റര്‍
Tuesday 21st August 2012 11:11am

ന്യൂദല്‍ഹി: മാരുതി സുസുക്കി മനേസര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. തൊഴിലാളി കലാപത്തെത്തുടര്‍ന്ന് ഒരു മാസത്തോളം അടച്ചിട്ട പ്ലാന്റ് കനത്ത സുരക്ഷയോടെയാണ് തുറന്നത്.

Ads By Google

300 തൊഴിലാളികളാണ് ഇന്ന് ജോലിക്ക്‌ കയറിയത്. രാവിലെ എട്ടു മുതല്‍ 4.30 വരെയുള്ള ഒറ്റ ഷിഫ്റ്റിലായിരിക്കും വരുംദിവസങ്ങളില്‍ പ്രവര്‍ത്തനം. സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്

ഡിസയര്‍, സ്ഫിറ്റ് മോഡലുകളുടെ 150 കാറുകള്‍ മാത്രമാവും ആദ്യ ദിവസങ്ങളില്‍ നിര്‍മിക്കുക. ദിവസേന 1700 കാറുകള്‍ വരെയാണ് പ്ലാന്റിന്റെ നിര്‍മാണ ശേഷി. ക്രമേണ പ്രവര്‍ത്തനം പൂര്‍ണ തോതിലേക്ക് ഉയര്‍ത്താനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

കലാപത്തെത്തുടര്‍ന്ന്, ജൂലൈ 21നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസമുണ്ടായ കലാപത്തില്‍ എച്ച്.ആര്‍ വിഭാഗം സീനിയര്‍ മാനേജര്‍ കൊല്ലപ്പെടുകയും വിദേശികളുള്‍പ്പെടെ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 500 പൊലീസുകാരെയാണ് ഹരിയാന സര്‍ക്കാര്‍ പ്ലാന്റില്‍ വിന്യസിച്ചത്. 200 പേര്‍ പ്ലാന്റിനുളളിലും 300 പേര്‍ പ്ലാന്റിന് പുറത്തും സുരക്ഷ ഉറപ്പാക്കും. മാനേജ്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി മാത്രം ഹരിയാന പൊലീസ് 40 സേനാംഗങ്ങളെ പ്ലാന്റില്‍ നിയോഗിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്കിടെ ഫാക്ടറിയിലേക്ക് പ്രവേശിക്കാന്‍ ജീവനക്കാര്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് മനേസര്‍ പ്ലാന്റില്‍ രാവിലെ ദൃശ്യമായത്. ഹരിയാന പോലീസിന്‌ പുറമെ, മാനേജ്‌മെന്റ് സ്വന്തമായി രൂപം നല്‍കിയ നൂറംഗ സുരക്ഷാ സേനയും പ്ലാന്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, മാനേജ്‌മെന്റ് സേനയില്‍ ഗുണ്ടകളുമുണ്ടെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള തൊഴിലാളികളുടെ പരാതി കണക്കിലെടുത്ത് പ്ലാന്റില്‍ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള ശ്രമത്തിലായിരിക്കും മാനേജ്‌മെന്റ് എന്നാണ് അറിയുന്നത്.

Advertisement