എഡിറ്റര്‍
എഡിറ്റര്‍
ഇന്ധന വില വര്‍ദ്ധന, മാരുതി കാറുകളുടെ ഉത്പാദനം കുറയ്ക്കുന്നു
എഡിറ്റര്‍
Thursday 7th June 2012 10:12am

ന്യൂദല്‍ഹി : പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നു മാരുതി കാറുകളുടെ ഉത്പാദനം വെട്ടിക്കുറച്ചു. വില വര്‍ദ്ധനയോടെ വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഓള്‍ട്ടോ ഉള്‍പ്പെടെയുള്ള കാറുകളുടെ ഉത്പാദനം വെട്ടിക്കുറച്ചത്.

ഇന്ധന വില വര്‍ദ്ധനയ്ക്ക് ശേഷം പെട്രോള്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിരിക്കുന്നതായി മാരുതി സുസൂക്കി മാര്‍ക്കറ്റിങ് മേധാവി മായാങ്ക് പരേഖ് അറിയിച്ചു. വില ഇനിയും വര്‍ദ്ധിച്ചാല്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മാരുതി ഓള്‍ട്ടോക്ക് പുറമേ മാരുതി 800, എസ്റ്റിലോ, എസ്റ്റാര്‍, ഓമ്‌നി എന്നിവയുടെ ഉത്പാദനവും കുറച്ചിട്ടുണ്ട്. കഴിഞ്ഞ നാലു മാസമായി കമ്പനിയുടെ പെട്രോള്‍ കാര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ട്. മേയില്‍ വില 5 ശതമാനം കുറഞ്ഞ് 98,884 യുനിറ്റായിരുന്നു.

മാരുതി 800, എസ്റ്റാര്‍, ഓള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പനയില്‍ 30 ശതമാനം കുറവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ 16 ശതമാനം വര്‍ദ്ധിച്ചിരുന്ന സ്ഥാനത്താണിത്.

മാരുതിയുടെ ഗുഡ്ഡാവിലെ പ്ലാന്റില്‍ കഴിഞ്ഞ മാസം 25 നും 26 നും ഉത്പാദനം നടന്നിരുന്നില്ല. ഈ മാസം രണ്ടിനും പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഈ ദിവസങ്ങളിലായി 8000 മുതല്‍ 8500 യൂനിറ്റിന്റെ ഉത്പാദനമാണ് കുറഞ്ഞത്. വില്‍പ്പന കുറയുമെന്ന ഭീതിയില്‍ വിവിധ മോഡലുകളുടെ വില 50000 വരെ കുറച്ചിരുന്നു.

Advertisement