എഡിറ്റര്‍
എഡിറ്റര്‍
മാരുതിയുടേത് ഉഗ്രന്‍ സര്‍വീസ്
എഡിറ്റര്‍
Monday 4th November 2013 11:37am

m800-Dool

ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കി തന്നെയാണ് വില്‍പ്പനാനന്തര സേവനത്തിലും ഉപഭോക്താക്കളെ ഏറ്റവും സന്തുഷ്ടരാക്കുന്നതെന്ന് സര്‍വേ ഫലം.

ജെ ഡി പവര്‍ ഏഷ്യ പസഫിക് നടത്തിയ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഇന്റക്‌സ് പഠനത്തില്‍ തുടര്‍ച്ചയായ പതിനാലാമത്തെ വര്‍ഷമാണ് മാരുതി സുസൂക്കി  ഒന്നാം സ്ഥാനം നേടുന്നത്.

കാര്‍ വിപണിയില്‍ മാരുതി സുസൂക്കി ദശാബ്ദങ്ങളായി ഒന്നാമനായി തുടരുന്ന മാരുതി സുസൂക്കി 876 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

രണ്ടാംസ്ഥാനത്തുള്ള ഹ്യുണ്ടായിയ്ക്ക് പോലും ശരാശരിയ്ക്ക് താഴെ പോയിന്റ് ( 834 ) നേടാനേ കഴിഞ്ഞുള്ളു. ഹോണ്ടയാണ് 825 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുടെ സര്‍വീസ് ഗണ്യമായി മെച്ചപ്പെട്ടുവെന്ന് സര്‍വേ വിലയിരുത്തുന്നു.

നാലു മുതലുള്ള സ്ഥാനം യഥാക്രമം മഹീന്ദ്ര, ടൊയോട്ട, ടാറ്റ, റെനോ, ഷെവര്‍ലെ, നിസാന്‍, സ്‌കോഡ, ഫോക്‌സ്‌വാഗന്‍, ഫോഡ് , ഫിയറ്റ് എന്നീ കമ്പനികള്‍ക്കാണ്.

വില്‍പ്പനാനന്തര സേവനത്തില്‍ കാര്‍ കമ്പനികള്‍ ഉപഭോക്താക്കളെ എത്രമാത്രം സംതൃപ്തരാക്കുന്നു എന്നതാണ് സര്‍വേയില്‍ വിലയിരുത്തിയത്. സര്‍വീസ് സംബന്ധമായ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ.

സര്‍വീസ് നിലവാരം , വെഹിക്കിള്‍ പിക് അപ്, സര്‍വീസ് സൗകര്യങ്ങള്‍, സര്‍വീസ് അഡ്വൈസറുടെ സേവനം, സര്‍വീസ് സെന്ററിന്റെ കാര്യക്ഷമത എന്നിവയാണ് വിലയിരുത്തിയത്.

പുതിയ കാര്‍ സ്വന്തമാക്കി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തിനകം അംഗീകൃത ഡീലര്‍ഷിപ്പ് സര്‍വീസ് സെന്ററിനെ സമീപിച്ച 7477 ഉപഭോക്താക്കളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്.

ആയിരം പോയിന്റുള്ള സ്‌കെയിലാണ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ അളക്കാനുപയോഗിച്ചത്.കസ്റ്റമേഴ്‌സിന് ഏറ്റവും മികച്ച സേവനം ഉറപ്പു വരുത്താന്‍ എല്ലാ ഡീലര്‍ഷിപ്പുകളും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സര്‍വേ ഫലം പറയുന്നു.

തിരക്ക് ഒഴിവാക്കി സേവനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡീലര്‍മാരും സര്‍വീസ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ സര്‍വീസിനു വരുന്ന 70 ശതമാനം അതുചെയ്യാറുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 65 ശതമാനമായിരുന്നു.

സര്‍വീസ് സെന്ററില്‍ നിന്നുള്ള പെരുമാറ്റത്തില്‍ തൃപ്തരായവരില്‍ ( അതായത് സാറ്റിസ്ഫാക്ഷന്‍ സ്‌കോര്‍ 949 ന് മുകളില്‍ നല്‍കിയ ഉപഭോക്താക്കള്‍ ) 93 ശതമാനം പേരും വാറന്റി കാലാവധി കഴിഞ്ഞശേഷവും അതേ ഡീലറെ തന്നെ സര്‍വീസിന് സമീപിക്കുന്നു.

88 ശതമാനം പേര്‍ ഭാവിയിലും അതേ ഡീലര്‍ഷിപ്പില്‍നിന്ന് തന്നെ അടുത്ത വാഹനം വാങ്ങുമെന്നും സര്‍വേ ഫലം പറയുന്നു.

എന്നാല്‍ മോശമായ അനുഭവം നേരിട്ടവരില്‍ 68 ശതമാനവും ആ ഡീലര്‍ഷിപ്പ് ഒഴിവാക്കും.

Autobeatz

Advertisement