എഡിറ്റര്‍
എഡിറ്റര്‍
മാരുതി 800 ന് വിദേശ വിപണിയില്‍ പ്രതീക്ഷയേറുന്നു
എഡിറ്റര്‍
Thursday 22nd November 2012 1:06pm

ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും വിദേശവിപണി പതിയെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ് മാരുതിയുടെ സ്വന്തം 800. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഏഴ് മാസക്കാലത്ത് 8,300 മാരുതി 800 കാറുകളാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം. എസ്. ഐ. എല്‍.) കയറ്റുമതി ചെയ്തത്. 2011 – 12ന്റെ ആദ്യ ഏഴു മാസം വിദേശത്ത് വിറ്റ 5,300 യൂണിറ്റിനെ അപേക്ഷിച്ച് 57% വര്‍ധനയാണിത്.

Ads By Google

2015 -16ല്‍ രാജ്യവ്യാപകമായി തന്നെ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ മാരുതി സുസുക്കിക്ക് 800 ഇന്ത്യയില്‍ വില്‍ക്കാനാവില്ലായിരുന്നു.

നിലവില്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ മാരുതി 800 വില്‍പ്പന അവസാനിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വിദേശ വിപണിയില്‍ മാരുതിക്ക് വന്‍ ഡിമാന്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈജിപ്തില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്നുള്ള ആവശ്യക്കാരാണ് മാരുതി 800 ന് ഏറെയുള്ളത്. ഇക്കൊല്ലത്തെ കയറ്റുമതിയില്‍ 7,800 കാറുകളും വിറ്റത് ഈ രാജ്യങ്ങളിലാണ്.

പോരെങ്കില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും വിദേശ വിപണിയായും അള്‍ജീരിയ മാറിയിട്ടുണ്ട്.  ഇതുവരെ യൂറോപ്പിലേക്കായിരുന്നു മാരുതിയുടെ കയറ്റുമതിയില്‍ അധികവും. ഒക്‌ടോബര്‍ വരെയുള്ള ഏഴ് മാസക്കാലത്ത് മാരുതി കയറ്റുമതി ചെയ്ത 16,000 യൂണിറ്റില്‍ 40 ശതമാനത്തോളം അള്‍ജീരിയയിലേക്കായിരുന്നു.

വിദേശവിപണികളില്‍ ചെറുകാറുകളോടുള്ള താത്പര്യം കുറയുന്നതിനിടെയാണ് മാരുതി 800നോടുള്ള ഇഷ്ടം കൂടുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്. 2012 ഏപ്രില്‍ – സെപ്റ്റംബര്‍ അര്‍ധവര്‍ഷത്തില്‍ വിദേശ വിപണികള്‍ക്ക് ഏറെ പ്രിയങ്കരമായ എ. സ്റ്റാറിന്റെ കയറ്റുമതി 38 ശതമാനത്തോളം ഇടിഞ്ഞ് 20,000 യൂണിറ്റായിരുന്നു. ടാറ്റയുടെ കുഞ്ഞനായ നാനോയുടെ കയറ്റുമതിയാവട്ടെ വെറും രണ്ടു യൂണിറ്റ് മാത്രമാവുകയും ചെയ്തു.

Advertisement