എഡിറ്റര്‍
എഡിറ്റര്‍
‘മറുനാടന്‍ മലയാളി’ വെബ്‌സൈറ്റ് ഡിസൈനര്‍മാര്‍ കൈക്കലാക്കിയതായി പരാതി
എഡിറ്റര്‍
Thursday 16th August 2012 9:08am

തിരുവനന്തപുരം: മറുനാടന്‍മലയാളി എന്ന ഓണ്‍ലൈന്‍ പത്രം ഡിസൈന്‍ ചെയ്തയാള്‍ സ്വന്തമാക്കിയതായി പരാതി. പോര്‍ട്ടല്‍ നിര്‍മിച്ച വിഗ് വാഗ് ടെക്‌നോളജീസ് എന്ന കമ്പനി മറുനാടന്‍മലയാളി ഡോട്ട് കോം സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനിക്കെതിരേ മറുനാടന്‍മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.

Ads By Google

ഇത് സംബന്ധിച്ച് ഡിസൈനര്‍മാരോട് ചോദിച്ചപ്പോള്‍ 50 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ ഡൊമെയ്‌നിന്റെ ഉടമസ്ഥാവകാശവും ബാക്ക് അപ്പും വിട്ടുതരൂ എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറുനാടന്‍ മലയാളിയുടെ എല്ലാ രേഖകളും 15 ദിവസത്തിനകം കൈമാറണമെന്നാവശ്യപ്പെട്ട് ഉടമസ്ഥന്‍ കമ്പനിക്ക് കത്തയച്ചു. ഇതില്‍ പ്രതിഷേധിച്ച് ടെക്‌നീഷ്യന്‍ മറുനാടന്‍ മലയാളി ഓഫ് ചെയ്‌തെന്നും ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പറയുന്നു.

വിഗ് വാഗ് ടെക്ക്‌നോളജീസ് ടെക്‌നീഷ്യന്‍ സന്ദീപിനെതിരെയാണ് ഷാജന്‍ സ്‌കറിയ സൈബര്‍ പോലീസിനും ഡി.ജി.പിക്കും പരാതി നല്‍കിയത്. മറുനാടന്‍മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ബാക്ക് അപ്പ് ഫയലുകള്‍ മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. മറുനാടന്‍ മലയാളി എത്രയും വേഗം ലൈവ് ആക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും സാജന്‍ സ്‌കറിയ അറിയിച്ചു.

സൈറ്റിന്റെ ഡിസൈന്‍ വര്‍ക്കിനെ കൂടാതെ പ്രമോഷന്‍ ജോലികളും ഈ കമ്പനിയാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഡൊമെയ്ന്‍, സ്‌പേസ്, സോഷ്യല്‍നെറ്റ്‌വര്‍ക്ക് എക്കൗണ്ടുകളുടെ പരിപൂര്‍ണ നിയന്ത്രണം ഈ കമ്പനിക്കാണ് ഉണ്ടായിരുന്നത്. മറുനാടന്‍മലയാളി മാനേജ്‌മെന്റ് നല്‍കുന്ന വിവരമനുസരിച്ച് ഡൊമെയ്‌നിന്റെ ഉടമസ്ഥാവകാശവും ഫേസ്ബുക്കും പ്രൊഫൈലും ഡിസൈന്‍ കമ്പനി സ്വന്തം നിയന്ത്രണത്തിലാക്കി വെച്ചിരിക്കുകയാണ്.

ഓണ്‍ലൈന്‍ ലോകത്തെ ശ്രദ്ധേയമായ കേസുകളിലൊന്നായിരിക്കും ഇത്. മറുനാടന്‍ മലയാളിയുടെ ഡൊമെയ്ന്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന കണ്ടാല്‍ കമ്പനിക്കെതിരേ നടപടിയുണ്ടാകും. അത്തരം ഒരു മാറ്റം ഏത് കംപ്യൂട്ടറില്‍ നിന്നാണ് വരുത്തിയതെന്നും തിരിച്ചറിയാന്‍ സാധിക്കും. ഡൊമെയ്ന്‍ വാങ്ങുന്നതിന് ഉപയോഗിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, മറുനാടന്‍ മലയാളി എന്ന വെബ്‌സൈറ്റിലേക്ക് ഇത്രയും കാലം വാര്‍ത്തകള്‍ അപ്‌ലോഡ് ചെയ്ത ഐ.പികള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ സാധ്യതയുണ്ട്.

15 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് വെബ്‌സൈറ്റ് ഉടമകളുടെ പ്രതീക്ഷ. പരാതിയില്‍ തീരുമാനമുണ്ടാകാന്‍ വൈകുമെന്നതിനാല്‍ www.marunadanmalayali.com എന്ന പേരില്‍ പുതിയൊരു സൈറ്റിന് രൂപം നല്‍കിയിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ചിരുന്നത് www.marunadanmalayalee.com എന്ന വിലാസമായിരുന്നു.

Advertisement