തിരുവനന്തപുരം: ലോട്ടറി ഓര്‍ഡിനന്‍സ് ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതോടെ സാന്റിയാഗോ മാര്‍ട്ടിന്‍ വിജയിച്ചിരിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.അന്യ സംസ്ഥാന ലോട്ടറികള്‍ക്കു കേരളത്തെ കൊള്ളടയിക്കാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. മാര്‍ട്ടിന്‍ പറയുന്നതു പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ലോട്ടറി നിയമം നാലാം വകുപ്പനുസരിച്ചു പ്രവര്‍ത്തിക്കുന്ന ലോട്ടറിയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് മുന്‍കൂര്‍ നികുതിക്കൊപ്പം പ്രമോട്ടര്‍ ഹാജരാക്കണമെന്ന ഭേദഗതിയാണ് ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതിഷേധം.

സിപിഎമ്മും അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്ത കാറ്റാടി കമ്പനിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് അറിയണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.