വാഷിങ്ടണ്‍: നാസയുടെ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി. ഇന്ത്യന്‍ സമയം 11: 10 ഓടുകൂടിയാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്.

250 കോടി ഡോളര്‍ ചെലവില്‍ നടത്തുന്ന പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് നാസ വീക്ഷിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്ന ക്യൂരിയോസിറ്റി അവിടുത്തെ മണ്ണും പാറയും തുരന്ന് ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് ശാസ്ത്രീയമായ വിശകലനത്തിന് വഴിയൊരുക്കും.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന്  കണ്ടെത്തുന്നതിന് ശാസ്ത്രലോകം ഗവേഷണങ്ങള്‍ ആരംഭിച്ചത് 1950കളിലാണ്. തുടര്‍ന്ന് നാല്പതോളം പര്യവേഷണ ദൗത്യങ്ങള്‍ നടത്തിയിരുന്നു. റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നടത്തിയ പര്യവേഷണങ്ങളില്‍ 26 ഉം പരാജയമായിരുന്നു.

Ads By Google

നാസയുടെ ഏഴാമത്തെ ചൊവ്വ പര്യവേഷണമാണിത്. മുന്‍ പര്യവേഷണങ്ങളിലെല്ലാം എയര്‍ ബാഗുകളോ ചെറുറോക്കറ്റുകളോ ആണ് പര്യവേണ വാഹനത്തെ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയിരുന്നത്.

250 കോടി ഡോളര്‍ ചെലവഴിച്ച് നടത്തുന്ന ക്യൂരിയോസിറ്റി ദൗത്യം വിജയത്തിലെത്തിയത് പര്യവേഷണരംഗത്തിന് ഒരു കുതിച്ചുചാട്ടമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ക്യൂരിയോസിറ്റിയുടെ വിജയത്തോടെ നാസയുടെ പേര് വീണ്ടും ചരിത്രത്തില്‍ ഇടംപിടിച്ചു.

1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണ് ക്യൂരിയോസിറ്റിയുടെ വിജയത്തെ കാണുന്നത്. ഏറ്റവും നൂതനവും സാഹസികവുമായ ലാന്‍ഡിങ് രീതിയാണ് നാസയിലെ ശാസ്ത്രജ്ഞര്‍  ഈ പേടകത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്.

മുന്‍കാല ചൊവ്വാപര്യവേക്ഷക പേടകങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണ് ക്യൂരിയോസിറ്റിക്ക് വേണ്ടി സങ്കീര്‍ണ്ണമായ ലാന്‍ഡിങ് രീതി പരീക്ഷിക്കേണ്ടി വന്നത്. സ്പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി തുടങ്ങിയ മുന്‍പേടകങ്ങള്‍ എയര്‍ബാഗുകളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍ ആകാശ ക്രെയിന്‍ സംവിധാനമാണ് ക്യൂരിയോസിറ്റിക്കായി ഉപയോഗിച്ചത്.

ലാന്‍ഡിങ്ങിന് ഏഴു മിനുട്ട് മുന്‍പ് വിക്ഷേപണവാഹനത്തില്‍ നിന്ന് വേര്‍പെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. ആകാശക്രെയിനാണ് പിന്നീട് പേടകത്തെ താങ്ങുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ അതിവേഗമാര്‍ജിക്കുന്ന പേടകം പിന്നീട് വേഗം കുറച്ച് വളഞ്ഞ് പുളഞ്ഞ് ഇറങ്ങുന്നു.

പേടകത്തിന്റെ ആറ് ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ മുട്ടുന്നതോടെ ആകാശ ക്രെയിനുമായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോണ്‍ ചരടുകള്‍ വിച്ഛേദിക്കപ്പെടും. ക്രെയിന്‍ പറന്നകലുകയും സുരക്ഷിതമായ ദൂരത്തെത്തിയശേഷം തകര്‍ന്നുവീഴുകയും ചെയ്യും.

ചൊവ്വയില്‍ എന്നെങ്കിലും ജീവന്റെ സാനിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ചൊവ്വയിലെ കുഴിയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കുള്ളത്. അതിനാവശ്യമായ ഉപകരണങ്ങള്‍ വഹിച്ചാണ് 566 ദശലക്ഷം കിലോമീറ്റര്‍ പറന്ന് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്.