എഡിറ്റര്‍
എഡിറ്റര്‍
ക്യൂരിയോസിറ്റിയുടെ ‘മസ്തിഷ്‌ക മാറ്റ’ ശസ്ത്രക്രിയ വിജയം: നാസ
എഡിറ്റര്‍
Thursday 16th August 2012 9:13am

ലോസ്ആഞ്ചല്‍സ്: ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ തേടിയിറങ്ങിയ ‘ക്യൂരിയോസിറ്റി’യുടെ ‘മസ്തിഷ്‌ക മാറ്റ’ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി നാസ. നാസയുടെ അത്യാധുനിക റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിയുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്ന സങ്കീര്‍ണമായ ജോലിയാണ് പൂര്‍ത്തിയായത്.

Ads By Google

നാലു ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് നാസ ശ്രമം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച ആരംഭിച്ച ‘ശസ്ത്രക്രിയ’ ഇന്ന് പൂര്‍ത്തിയായതായി നാസ അറിയിച്ചു. ഇതോടെ ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ പശ്ചാത്തലമുണ്ടോയെന്ന അന്വേഷണത്തിലേയ്ക്ക് ക്യൂരിയോസിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചതായി നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്യൂരിയോസിറ്റിയെ ചുവന്ന ഗ്രഹത്തിലേക്കയക്കുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ ഉപരിതലത്തിലെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിനുള്ളതായിരുന്നുവെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി മേധാവി പറഞ്ഞു. ഇനി പ്രതലത്തില്‍ നടക്കാനിരിക്കുന്ന വിശദമായ പഠനങ്ങള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ക്കും വേണ്ടിയുള്ള സോഫ്റ്റ്‌വെയറാണ് ഭൂമിയില്‍നിന്നും ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തത്.

രണ്ട് വര്‍ഷം നീളുന്ന ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സോഫ്റ്റ്വെയര്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 57 കോടി കിലോമീറ്റര്‍ താണ്ടി ഓഗസ്റ്റ് അഞ്ചിനാണ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്.

Advertisement