ലണ്ടന്‍: ശ്വാസകോശ ക്യാന്‍സറും വിവാഹവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമുണ്ടെന്നാണ് മേരിലാന്റ്‌ മാര്‍ലീന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ശ്വാസകോശ ക്യാന്‍സറിന് ചികിത്സ തേടിയവരില്‍ വിവാഹിതര്‍ കൂടുതല്‍ക്കാലം ജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

Ads By Google

ശ്വാസകോശ കാന്‍സര്‍ പിടിപെട്ട് കീമോതെറാപ്പിക്കും റേഡിയേഷനും വിധേയരായ 168 രോഗികളെ നിരീക്ഷിച്ചശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. 2000ത്തിലും 2010നും ഇടയില്‍ ചികിത്സതേടിയവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഇതില്‍ വിവാഹിതരായ 33% ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാല്‍ 10% അവിവാഹിതര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. അവിവാഹിതരില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍.

വിവാഹിതരായവരില്‍ 46% പേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവിവാഹിതരായ പുരുഷന്മാരില്‍ 3% പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.

വെള്ളക്കാരായ വിവാഹിതര്‍ക്ക് കറുത്ത വര്‍ഗക്കാരായ വിവാഹിതരേക്കാള്‍ ശ്വാസകോശ ക്യാന്‍സറിനെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണത്തില്‍ വ്യക്തമായി. വിവാഹം കൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടാകുന്നതിന് പിന്നിലെ ശരിയായ കാരണം വ്യക്തമല്ല.

മേരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ എലിസബത്ത് നിക്കോളാസാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശ്വാസകോശ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതില്‍ സാമൂഹിക പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എലിസബത്ത് പറഞ്ഞു.