എഡിറ്റര്‍
എഡിറ്റര്‍
മര്‍ക്കസ് 35 ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ പ്രഖ്യാപനമായി ആചരിക്കുന്നു
എഡിറ്റര്‍
Wednesday 2nd January 2013 4:44pm

കോഴിക്കോട്: ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ ധംസ്വനവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളും രാഷ്ട്രീയ പകപോക്കലും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മര്‍ക്കസ് 35 ാം വാര്‍ഷികം മനുഷ്യാവകാശ സംരക്ഷണ പ്രഖ്യാപന സമ്മേളനമായി ആചരിക്കുമെന്ന് മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

Ads By Google

മാനവിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും പുതിയ സാംസ്‌കാരിക ജീവിത ക്രമീകരണത്തിനും ഊന്നല്‍ നല്‍കിയാണ് മര്‍ക്കസ് സമ്മേളനം നടക്കുന്നത്. സാംസ്‌കാരിക മുന്നേറ്റം, സാമൂഹ്യ സേവനം, സാര്‍വത്രിക വിദ്യാഭ്യാസം എന്ന സന്ദേശത്തില്‍ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സാംസ്‌കാരികവും സാമൂഹ്യവും രാഷ്ട്രീയവുമായ സ്വത്വ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തെ മറികടക്കാന്‍ മതപണ്ഡിതന്മാരുടെ കൂടെ രാഷ്ട്രീയ നേതാക്കന്മാരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

നീതിയും ന്യായവും രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. നിയമവും നിയമപാലകരും സാധാരണ ജീവിതത്തിന് കൂച്ചുവിലങ്ങ് സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മര്‍ക്കസിന്റെ 35ാം വാര്‍ഷിക സമ്മേളനത്തില്‍ മനുഷ്യാവകാശ സമ്മേളനം, തൊഴിലാളി സമ്മേളനം, ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ്, എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതെന്നും കാന്തപുരം വിശദീകരിച്ചു.

കാരന്തൂര്‍ മര്‍കസ് നഗറില്‍ ജനുവരി 4,5,6 തീയ്യതികളിലാണ് മര്‍കസ് സമ്മേളനം നടക്കുന്നത്. ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രൊഫ. മുഹമ്മദ് ഗോര്‍മോസ് ഉദ്ഘാടനം ചെയ്യും. സനദ് ദാനപ്രഭാഷണവും മനുഷ്യാവകാശ പ്രഖ്യാപനവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

Advertisement