Administrator
Administrator
മര്‍കസ് സമ്മേളനത്തിന് തുടക്കം
Administrator
Saturday 8th January 2011 12:10pm

കാരന്തൂര്‍ മര്‍കസ് 33-ാം വാര്‍ഷിക 15-ാം സനദ്ദാന മഹാ സമ്മേളനം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഡോ: എം.ഒ.എച്ച് ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു.

മര്‍കസ് നഗര്‍ (കാരന്തൂര്‍): രാജ്യത്തെ പ്രമുഖ മുസ്‌ലിം സാംസ്‌കാരിക സമുച്ചയാമായ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33-ാം വാര്‍ഷിക 15-ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം. മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ മര്‍കസ് നഗറിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് ഉദ്ഘാടനം ചെയ്തു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. പോണ്ടിച്ചേരി ആഭ്യന്തര മന്ത്രി ഇ. വത്സരാജ് മുഖ്യാതിഥിയായിരുന്നു. പോണ്ടിച്ചേരി പൊതുമരാമത്ത് മന്ത്രി എം.ഒ.എച്ച് ഷാജഹാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ലിബിയന്‍ അംബാസിഡര്‍ അലി അബ്ദുല്‍ അസീസ് ഈസാവി, ബ്രൂണൈ കമ്മീഷണര്‍ ദാത്തോ പാദുക സീദക് അലി, ഈജിപ്ത് അംബാസിഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, മാലി അംബാസിഡര്‍ ഉസ്മാന്‍ താന്റിയ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എം.പി വിരേന്ദ്രകുമാര്‍ പ്രസംഗിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി മൂസഹാജി, ഡയറക്ടര്‍ ശാഹിദ് ഹസന്‍, ബനിയാസ് സ്‌പൈക് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, കെ.എസ് മന്‍സൂര്‍ ഹാജി ചെന്നൈ, മോനു ഹാജി ഉള്ളാള്‍, എസ്.എസ്.എ ഖാദര്‍ ഹാജി എന്നിവര്‍ വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. മുംതാസ് അലി മംഗലാപുരം, മൊയ്തീന്‍ ബാവഹാജി, ഹൈദര്‍ പരുത്തിപ്പടി, ഇബ്‌റാഹീം ഹാജി കമ്മാടി, യേനപ്പോയ മുഹമ്മദ് കുഞ്ഞ് ഹാജി, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്, ഹാഫിസ് അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

രാത്രി നടന്ന ഭക്തി നിര്‍ഭരമായ ആത്മിയ സമ്മേളനം സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ (ബാഗ്ദാദ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി മലേഷ്യ, ഹാജി കലന്തര്‍ മസ്താന്‍ കായല്‍പട്ടണം, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ടി.എസ്.കെ തങ്ങള്‍ ബുഖാരി, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍ കരുവമ്പലം, സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച കാലത്ത് ആദര്‍ശ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ വനം വകുപ്പ് മന്ത്രി ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്യും. തുറമുഖ-യുവജന കാര്യമന്ത്രി വി. സുരേന്ദ്രന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് നടക്കുന്ന പ്രവാസി സംഗമം കേന്ദ്ര കൃഷി വകുപ്പ് മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരിക്കും. മര്‍കസിലെ പുതിയ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വഹിക്കും. രണ്ട് മണിക്ക് നടക്കുന്ന ദേശസുരക്ഷാ സമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഡോ: സുഹൈല്‍ സിദ്ദീഖി, എം.പി മാരായ കെ.ഇ. ഇസ്മാഈല്‍, ഇ.ടി മുഹമ്മദ് ബശീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എം.എല്‍.എമാര്‍, വിവിധ കക്ഷി നേതാക്കള്‍ പങ്കെടുക്കും. വൈകീട്ട് ഹാന്റി ക്രാഫ്റ്റ് ട്രൈനിംഗ് സെന്ററിന്റെ കെട്ടിടോദ്ഘാടനം വ്യവസായ മന്ത്രി എളമരം കരീം നിര്‍വ്വഹിക്കും. മെഡിക്കല്‍ സെമിനാര്‍, വിദ്യാഭ്യാസ സമ്മേളനം, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് കോണ്‍ഫറന്‍സ്, ദേശീയ പ്രാസ്ഥാനിക സമ്മേളനം എന്നിവയും ശനിയാഴ്ച വിവിധ വേദികളില്‍ നടക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ഈജിപ്ത് ഗ്രാന്റ് മുഫ്തി ഡോ: അലി ജുമുഅ ഉദ്ഘാടനം ചെയ്യും.

Advertisement