ന്യൂദല്‍ഹി: ബോളിവുഡില്‍ പശുക്കള്‍ മനുഷ്യരെ കീഴടക്കുകയും അക്രമിക്കുകയും ചെയ്യുന്ന സിനിമകള്‍ വരണമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പശുകളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ പുറത്ത് വരണമെന്ന് കട്ജു ഫേസ്ബുക്കിലൂടെ പറഞ്ഞത്.


Also read ‘ഈ കണ്ടതും കേട്ടതുമൊന്നുമല്ല ഉത്തരകൊറിയ എന്ന സത്യം’; ഉത്തരകൊറിയന്‍ യാത്രാനുഭവം പങ്കുവെച്ചുള്ള വീഡിയോ വൈറലാകുന്നു


പല സംസ്ഥാനങ്ങളിലും പശുക്കളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ക്കൊപ്പമാണ് ഭരണ കൂടം നിലനില്‍ക്കുന്നത് ഈ സാഹചര്യത്തിലാണ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പശുക്കളെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്താല്‍ അത് വന്‍ലാഭമായിരിക്കുമെന്നും ബാഹുബലിയെ വരെ കടത്തിവെട്ടുമെന്നും കട്ജു പറയുന്നു.

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഇന്ന് ആസാമില്‍ രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊന്നിരുന്നു. കഴിഞ്ഞ ദിവസം പശുവിനെ ഹോണടിച്ച് പേടിപ്പിച്ചെന്ന പേരില്‍ ട്രക്ക് ഡ്രൈവറുടെ കണ്ണു തകര്‍ത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം ആക്രമങ്ങള്‍ പതിവാകുമ്പോഴാണ് മനുഷ്യ ജീവനല്ല പശുക്കള്‍ക്കാണ് പ്രാധാന്യം എന്ന തരത്തില്‍ സിനിമകള്‍ വരണമെന്ന് കട്ജു അഭിപ്രായപ്പെട്ടത്.

‘പ്ലാനറ്റ് ഓഫ് എയ്പ്സ്’ മാതൃകയില്‍ ‘പ്ലാനറ്റ് ഓഫ് കൗസ്’ എന്ന പേരില്‍ ചിത്രമൊരുക്കണമെന്നാണ് കട്ജുവിന്റെ പോസ്റ്റ്.

‘പ്ലാനറ്റ് ഓഫ് എയ്പ്സ് എന്ന പേരില്‍ ഹോളിവുഡില്‍ പ്രശസ്തമായ സിനിമയുണ്ട്, ഗൊറില്ലകള്‍ മനുഷ്യരെ ആക്രമിക്കുന്നതും കീഴടക്കുന്നതുമാണ് ആ സിനിമയുടെ പ്രമേയം. അത്തരമൊരു സിനിമ ബോളിവുഡ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ‘ദി പ്ലാനറ്റ് ഓഫ് കൗസ്’ എന്ന പേരിടാവുന്ന സിനിമയില്‍ പശുക്കള്‍ മനുഷ്യരെ ആക്രമിക്കുകയും, കീഴടക്കുകയും ചെയ്യട്ടെ. ഒരു സംശയവും വേണ്ട ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നേടിയതിനെക്കാള്‍ പത്തിരട്ടി ലാഭമായിരിക്കും ആ സിനിമയുണ്ടാക്കുക’ കട്ജു പറയുന്നു.