മുംബൈ: ദീപാവലി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.  മുഹൂര്‍ത്ത വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടംമാത്രം. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 33.97 പോയിന്റ് ഉയര്‍ന്ന് 17,288.83ലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 10.20 പോയിന്റ് നേടി 5,201.80 ലും ക്ലോസ് ചെയ്തു.

പുതിയ വ്യാപാര വര്‍ഷമായ സംവത് 2068ന് തുടക്കംകുറിച്ചുകൊണ്ട് നടന്ന ട്രേഡിങ്ങില്‍ കാര്യമായ നേട്ടം വിപണി നിരീക്ഷകര്‍ പ്രവചിച്ചിരുന്നെങ്കിലും അത് നേടാനായില്ല. വൈകീട്ട് 4.45ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 80 പോയിന്റും നിഫ്റ്റി 23 പോയിന്റും ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് നേട്ടം കുറയുകയായിരുന്നു. ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്.എം.സി.ജി, ലോഹം, ചില ബാങ്കിങ് സ്‌റ്റോക്കുകള്‍ തുടങ്ങിയവ വിപണിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക്‌നോളജി, ഓയില്‍ ആന്റ് ഗ്യാസ് വിഭാഗങ്ങളിലുള്ള ഓഹരികള്‍ വിറ്റുമാറാനാണ് നിക്ഷേപകര്‍ തിടുക്കം കാണിച്ചത്.

Subscribe Us:

എല്‍ ആന്റ് ടി, എസ്.ബി.ഐ, ഭാരതി എയര്‍ടെല്‍, ഐ.ടി.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എല്‍, ഭേല്‍, സിപ്ല, ഹീറോ മോട്ടോകോര്‍പ്, കോള്‍ ഇന്ത്യ, സ്‌റ്റെര്‍ലൈറ്റ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം റിലയന്‍സ് ഇന്റസ്ട്രീസ്, ഒ.എന്‍.ജി.സി, ടി.സി.എസ്, വിപ്രോ, ഇന്‍ഫോസിസ്, ഐ.സി.ഐ.സി ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.