raiway-station-blast

പനാജി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തെക്കന്‍ ഗോവയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഗോവയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്. തെക്കന്‍ ഗോവയിലെ ക്ഷേത്ര നഗരമായ മാര്‍ഗോയിലാണ് രാത്രി സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച ഒരാള്‍ മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സനാതന്‍ സന്‍സ്തയെന്ന വലത്- ഹിന്ദു സംഘടനയാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. ഹിന്ദുസംഘടനയിലെ അംഗമായ നിഷാദ് ഭാഗ്‌ലെയുടെ പേരിലുള്ളതാണ് പൊട്ടിത്തെറിച്ച സ്‌കൂട്ടര്‍. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഘടനയിലെ അംഗങ്ങളായ മല്‍ഗോണ്ടി പാട്ടീല്‍, യോഗേഷ് നായിക് എന്നിവരാണ് ഹോണ്ട സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ പാട്ടീല്‍ അല്‍പ സമയത്തിനകം മരിച്ചു. യോഗേഷ് ഗുരുതരാവസ്ഥയിലാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് സംഘടനയുടെ ആസ്ഥാനത്ത് പരിശോധന നടത്തുകയാണ്.

പാണ്ട മേഖലയിലെ രാംനാഥ് ക്ഷേത്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ത.