ന്യൂദല്‍ഹി: സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ പ്രധാനമന്ത്രിയെ സ്വാധീനിച്ചിരുന്നെന്ന് രേഖകള്‍. സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി സ്വീകരിച്ചിരുന്ന കര്‍ശന നിലപാട് അയവ് വരുത്തണമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ടെലികോം മന്ത്രാലയത്തിന് മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ട് മാരന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ വിവേക് ഗാര്‍ഗിന് വിവരാവകാശ നിയമപ്രകാരം കത്ത് ലഭിച്ചത്.

2006 ല്‍ സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനായി ഒരു സംഘം മന്ത്രിമാരെ ചുമതലപ്പെടുത്താനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ 2006 ഫെബ്രുവരി 1ന് ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി തീരുമാനം മാറ്റി. പ്രധാനമന്ത്രിയുടെ ഈ മാറ്റമാണ് സ്‌പെക്ട്രം വിതരണത്തില്‍ തിരിമറി നടത്താന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് സഹായകമായത്.

2006 ജനുവരിയിലാണ് സ്‌പെക്ട്രം വിതരണം നിരീക്ഷിക്കാന്‍ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്താനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഈ ഗ്രൂപ്പിന്റെ ടേംസ് ഓഫ് റഫറന്‍സ് വളരെ വിശദമായിരുന്നു. ഇതില്‍ സ്‌പെക്ട്രം വിലയിടലും ഉള്‍പ്പെടുത്തിയിരുന്നു. 2006 ജൂണ്‍ അവസാന വാരം ഈ സംഘത്തിന്റെ ശുപാര്‍ശകള്‍ ലഭിച്ച് കഴിഞ്ഞശേഷമേ സര്‍ക്കാര്‍ സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച് തീരുമാനമെടുക്കാവൂ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മന്‍മോഹന്‍ സിങ് ദയാനിധി മാരനെ കണ്ടശേഷം ഈ തീരുമാനങ്ങള്‍ മാറി.

മന്ത്രിമാരുടെ സംഘത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് കുറയ്ക്കണമെന്നും വിലയിടല്‍ തീരുമാനിക്കാന്‍ അധികാരം നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് മാരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. സീക്രട്ട് എന്ന് മാര്‍ക്ക് ചെയ്ത് 2006 ഫെബ്രുവരി 28 അയച്ച കത്ത് സ്‌പെക്ട്രം അഴിമതിയിലെ പ്രധാന രേഖയാണ്. മന്ത്രിമാരുടെ സംഘവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ഫെബ്രവരി 1ലെ മീറ്റിംങ് ഓര്‍മ്മിക്കണമെന്ന് മാരന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ‘ ഞങ്ങള്‍ പറഞ്ഞതനുസരിച്ച് മന്ത്രിമാരുടെ സംഘത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് കുറയ്ക്കാമെന്ന് നിങ്ങള്‍ എനിക്ക് ഉറപ്പുനല്‍കിയിരുന്നു’ മാരന്‍ പറയുന്നു.

കത്തിനൊപ്പം തങ്ങളുടെ ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ടേംസ് ഓഫ് റഫറന്‍സ് പരിഷ്‌കരിക്കണമെന്നും മാരന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുതായി കത്തില്‍ നിന്നും വ്യക്തമാകും.