ദുബായ്: വിവാദങ്ങളുടെ സഹചാരി ഡീഗോ അരമാന്റോ മറഡോണ വീണ്ടും വിവാദത്തില്‍. ഇക്കുറി ആരാധകനെ ചവിട്ടിയതാണ് വിവാദത്തിന് കാരണം. ലോകകപ്പ് പരാജയത്തെ തുടര്‍ന്ന് അര്‍ജന്റീനന്‍ കോച്ച് പദവി ഒഴിഞ്ഞതിന് ശേഷം ഗള്‍ഫില്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ഉടനെയാണ് വിവാദത്തിലകപ്പെട്ടത്.

യു.എ.ഇ ക്ലബായ അല്‍ വാസലിന്റെ പരിശീലകനായി എത്തിയ ഡീഗോ ഒരു ആരാധകനെ ചവിട്ടിക്കൊണ്ടാണ് വിവാദനായകനായത്. ആദ്യ മത്സരത്തില്‍ പരാജയം രുചിച്ച മറഡോണയുടെ കട്ടികള്‍ രണ്ടാമത്തെ മത്സരത്തില്‍ എമിറേറ്റ്‌സിനെ 3-0ന് പരാജയപ്പെടുത്തി. എമിറേറ്റ്‌സിനെതിരായ മത്സരവിജയത്തിന് സേഷം മറഡോണയുടെ കുട്ടികള്‍ തയ്യാറാക്കിയ ബാനറിന്റെ ഫോട്ടോ എടുക്കുന്നതിനിടെ ഗ്യാലറിയിലെ ബാനര്‍ പൊക്കിനോക്കിയ ആരാധകനെയാണ് ഫുട്‌ബോള്‍ ഇതിഹാസം ചവിട്ടി ഓടിച്ചത്.

ബാനര്‍ പൊക്കിനോക്കിയ ആരാധകനെ രണ്ടു തവണ കൈ കൊണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിവാദകിക്കുണ്ടായത്. ചവിട്ടേറ്റതോടെ ആരാധകന്‍ സ്ഥലം വിട്ടെങ്കിലും മറഡോണ വിവാദത്തിലാവുകയായിരുന്നു. ചവിട്ടേറ്റ ആരാധകനോട് മറഡോണക്ക് ഒടുവില്‍ മാപ്പപേക്ഷിക്കേണ്ടിയും വന്നു.

രണ്ടു വര്‍ഷത്തേക്കാണ് അല്‍ വാസലുമായി മറഡോണ കരാറിലെത്തിയത്.