കണ്ണൂര്‍: ഫുട്‌ബോളിന്റെ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി തന്റെ ആരാധകരുമായി സംവദിച്ചു. ഹെലികോപ്ടറിലാണ് അദ്ദേഹം കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെത്തിയത്.

കാണികള്‍ക്കിടയിലേക്ക് ബോളുകള്‍ അടിച്ചും തന്റെ പ്രിയ ആരാധകര്‍ക്കായി പാട്ടുപാടിയും അദ്ദേഹം കാണികളെ ആഹ്‌ളാദത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഈ മാസം നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ പിറന്നാള്‍ കേരളം ഇന്നാണ് ആഘോഷിക്കുന്നത്.

Ads By Google

ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ കേക്ക് മുറിച്ച് കൊണ്ട് മറഡോണ തന്റെ 52 ാം പിറന്നാള്‍ ആഘോഷിച്ചു. കേരളത്തിന്റെ പ്രിയതാരം ഐ.എം വിജയനൊപ്പം പന്ത് തട്ടി കാണികളെ ആവേശം കൊള്ളിച്ചു.

കാണികളോടായി ഐ ലവ് കേരള എന്ന് പറയാനും അദ്ദേഹം മറന്നില്ല. 2008ലാണ് ആദ്യമായി മറഡോണ ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ അന്നെത്തിയത് രണ്ടര ലക്ഷത്തോളം ആരാധകരാണ്. ഇതിലും കൂടുതല്‍ ആരാധകരാണ് ഇന്ന് കണ്ണൂരിലെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ കണ്ണൂരിലെത്തിയത്. ഫുട്‌ബോളിനെ എന്നും നെഞ്ചോടുചേര്‍ത്ത് വളര്‍ത്തിയ മലപ്പുറത്തേയും കോഴിക്കോട്ടേയും ആരാധകരാണ് അതില്‍ പ്രധാനം.