കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ ഫുട്‌ബോളിലെ ദൈവമായ ഡീഗോ മറഡോണയുടെ കീഴില്‍ ഇറങ്ങുന്ന ഒരു ഇന്ത്യന്‍ ടീം..ഏതൊരു ഇന്ത്യക്കാരനും കാണാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് അത്. ആ സ്വപ്‌നവേള യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകളും ഒരുമിച്ച് വന്നതായാണ് അറിയുന്നത്.

Ads By Google

ലോകനിലവാരമുള്ള ഒരു ഫുട്‌ബോള്‍ ടീമിനെ ഇന്ത്യയില്‍ കെട്ടിപ്പടുക്കാന്‍ മറഡോണ പിന്തുണ വാഗ്ദാനം ചെയ്തുകഴിഞ്ഞതായാണ് സൂചന. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമും ബോബി ചെമ്മണൂര്‍ എയര്‍ലൈന്‍സിന്റെ ഹെലിടാക്‌സി സര്‍വീസും ഉദ്ഘാടനം ചെയ്യാന്‍ മറഡോണ കണ്ണൂരിലെത്തുമ്പോള്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മറഡോണയുമായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ചര്‍ച്ചയില്‍ ബോബി ചെമ്മണൂര്‍-മറഡോണ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും താരപ്പകിട്ടേറിയ ഫുട്‌ബോള്‍ മേള തുടങ്ങാന്‍ ധാരണയായതായാണ് അറിയുന്നത്.

ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളിലെ പ്രഗല്‍ഭരായ കളിക്കാരെ അണിനിരത്തി മറഡോണയുടെ കീഴില്‍ ടീം രൂപീകരിച്ച് രാജ്യാന്തര മല്‍സരങ്ങള്‍ക്ക് സജ്ജരാക്കാനും തീരുമാനമുണ്ട്. അവര്‍ക്ക് മറഡോണ നേരിട്ട് പരിശീലനം നല്‍കും. രാജ്യാന്തര മല്‍സരങ്ങളിലെ പരിചയം ഇന്ത്യന്‍ കളിക്കാര്‍ക്ക് ലോകകപ്പ് വേദിയിലേക്കുള്ള വഴി തുറക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

നാളെ കണ്ണൂരിലെത്തുന്ന മറഡോണ 24 ന് രാവിലെ പത്തരയോടെയാണ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ആരാധകരെ കാണാനെത്തുക. ഐ.എം. വിജയന്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ മറഡോണയുടെ സന്ദര്‍ശനവേളയില്‍ സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്.

മറഡോണയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് ആരാധകരാവും മറഡോണയെ കാണാന്‍ എത്തുകയെന്നാണ് അറിയുന്നത്.