എഡിറ്റര്‍
എഡിറ്റര്‍
ദുബായ് സ്‌പോര്‍ട്‌സ് അംബാസഡറായി മറഡോണ
എഡിറ്റര്‍
Monday 3rd September 2012 2:20pm

ദുബായ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ദുബായിയുടെ ഹോണററി സ്‌പോര്‍ട്‌സ് അംബാസിഡറായി തിരഞ്ഞെടുത്തു. ദുബായ് അല്‍ വാസല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മറഡോണയെ തേടി പുതിയ പദവി എത്തിയത്.

Ads By Google

1986ലെ ലോകകപ്പ് അര്‍ജന്റീനക്ക് നേടിക്കൊടുത്ത അദ്ദേഹത്തിന്റെ നേതൃപാടവവും പരിചയവും ദുബായിലെ ഫുട്‌ബോള്‍ മേഖലയിലെ വളര്‍ച്ചക്ക് പരമാവധി ഉപയോഗപ്പെടുത്താനാണ് ക്ലബ്ബിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കും കുട്ടികള്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. നിരവധി പരിശീലന ക്യാമ്പുകള്‍, കോച്ചിങ് ക്ലാസുകള്‍ തുടങ്ങിയവ നടത്തും.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മറഡോണയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളിലും ചര്‍ച്ചകളിലും മറഡോണ ദുബായിയെ പ്രതിനിധാനം ചെയ്യും. ഇത്തരം വേദികളില്‍, ഫുട്‌ബോള്‍ മേഖലയുടെ ഉന്നമനത്തിനും കൂടുതല്‍ ശാസ്ത്രീയ രീതികള്‍ വികസിപ്പിക്കാനും സഹായിക്കുന്ന വിധത്തില്‍ തന്റെ ആശയങ്ങള്‍ മറഡോണ കൈമാറും.

ദുബായില്‍ സ്‌പോര്‍ട്‌സിന്റെ അംബാസഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മറഡോണ കായിക രംഗത്ത്, പ്രത്യേകിച്ച് ഫുട്ബാള്‍ മേഖലയില്‍ വന്‍ കുതിപ്പിന് സഹായകമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

ദുബായുടെ ഹോണററി സ്‌പോര്‍ട്‌സ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മറഡോണ പറഞ്ഞു. അത്‌ലറ്റുകള്‍ക്കായി തന്റെ കഴിവ് പകര്‍ന്നുകൊടുക്കുന്നതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

Advertisement