മലപ്പുറം: ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയുടെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന്റെ ഫുട്‌ബോള്‍ അക്കാദമി മലപ്പുറത്തേക്ക് മാറ്റുന്നു.

മലപ്പുറത്തെ അരീക്കോട്ട് അക്കാദമി തുടങ്ങാനാണ് ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഇപ്പോള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര താരം യു.ഷറഫലി അടക്കമുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. തെരട്ടമ്മലില്‍ അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ ഉടന്‍ പദ്ധതി തുടങ്ങാനാണ് ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Ads By Google

രാജ്യത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കുന്നതിനെക്കുറിച്ചും ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രാജ്യത്തെ പ്രമുഖ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ആലോചനയുണ്ട്.

മറഡോണയുടെ ദുബായ് ക്ലബ്ബിലെ സഹപരിശീലകരെ പരിശീലനത്തിന് കൊണ്ടുവരാനും ആലോചനയുണ്ട്. ജൂനിയര്‍ ലോകകപ്പ് വേദി ഇന്ത്യയ്ക്ക് അനുവദിച്ചാല്‍ ദേശീയ ടീമിലേക്ക് കളിക്കാരെ നല്‍കാന്‍ അക്കാദമിക്ക് കഴിയണം എന്ന നിലയിലാണ് സംഘാടകര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

ഫുട്‌ബോളില്‍ മികവ് തെളിയിച്ച 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സെപ്റ്റ് സെന്ററിലെയും എം.എസ്.പിയിലെയും ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അക്കാദമിയില്‍ പ്രവേശനം നല്‍കിയാല്‍ മികച്ച യുവനിരയെ സൃഷ്ടിക്കാമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.