ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി ഇനി ഡീഗോ മറഡോണയുണ്ടാകില്ല. മറഡോണയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ സംഘകത്തിലുള്ളവരെ അതേപടി നിലനിര്‍ത്തിയാല്‍ മാത്രമേ പരിശീലകനായി തുടരാന്‍ താത്പര്യമുള്ളൂ എന്ന കടുംപിടിത്തമാണ് മറഡോണക്ക് വിനയായത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോട് 4 ഗോളിന് തോറ്റിട്ടും മറഡോണക്കും ടീമിനും രാജകീയമായ സ്വീകരണമാണ് നാട്ടില്‍ ലഭിച്ചത്. എന്നാല്‍ പരിശീലകനായി മറഡോണ തുടരണോ എന്ന കാര്യത്തില്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഭിന്നതയുണ്ടായിരുന്നു. ടീമില്‍ ആരെല്ലാം കളിക്കണം എന്നകാര്യം താന്‍ തീരുമാനിക്കുമെന്ന് മറഡോണ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജൂലിയോ ഗ്രാഡോന വ്യക്തമാക്കുകയായിരുന്നു.

തീരുമാനം കടുത്തതാണെങ്കിലും മറ്റൊരു പോംവഴിയുമില്ലായിരുന്നുവെന്നും ഗ്രാഡോന വ്യക്തമാക്കി.
ലോകകപ്പിലെ തോല്‍വിക്കുശേഷം മറഡോണയോട് അടുപ്പമുള്ളവരെ അസോസിയേഷനില്‍ നിന്നും മാറ്റണമെന്ന ശക്തമായ അഭിപ്രായമുയര്‍ന്നിരുന്നു.