കേരളത്തിന്റെ ഹൃദയത്തിനേറ്റ മുറിവായിരുന്നു മാറാട് കലാപങ്ങള്‍. മതവര്‍ഗ്ഗീയതയുടെ കറുത്ത കരങ്ങള്‍ ഭീകരരൂപം കൈവരിക്കുകയായിരുന്നു അന്ന് ആ തീരത്ത്. മാറാടുണ്ടാക്കിയ മുറിവ് തുന്നിച്ചേര്‍ക്കാന്‍ മതേതര കേരളം വലിയ ത്യാഗം സഹിക്കേണ്ടിവന്നു.

മലയാളിയുടെ ഓര്‍മ്മയില്‍ നിന്ന് മറഞ്ഞുപോയ മാറാട് ഇപ്പോള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. രണ്ടാം മാറാട് കലാപത്തിന് ശേഷം പാണക്കാട് ശിഹാബ് തങ്ങളുടെ പ്രതിനിധിയായി മകന്‍ സ്വാദിഖലി തങ്ങളും ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജികള്‍ പിന്‍വലിക്കപ്പെട്ടതും ദുരൂഹതയുണര്‍ത്തുകയാണ്.

മാറാട് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കാതെ പോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് ഒരു ഘട്ടത്തില്‍ ചില ഹിന്ദു സംഘടനകള്‍ പോലും പിന്നോട്ട് പോയി. സി.ബി.ഐ അന്വേഷണത്തെ ആരോ കാര്യമായി ഭയപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്ന തരത്തിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്. ആരാണ് സി.ബി.ഐ അന്വേഷണത്തെ ഭയപ്പെട്ടത്? എന്തായിരുന്നു ആ ഭയത്തിന് കാരണം? ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.

അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, ബി.ജെ.പി നേതാവ്

ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. ഈ ആരോപണങ്ങള്‍ പറയുന്നതു പോലെ കേസുമായി അനൗദ്യോഗികമായി ഞാനൊരു വിധത്തിലുള്ള വേണ്ടാത്ത പ്രവര്‍ത്തനവും നടത്തിയിട്ടില്ല. 2007 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ശ്രമിച്ചത്.

ഈ ആരോപണങ്ങളെല്ലാം ആടിനെ പട്ടിയാക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ഇതെല്ലാം തെളിയിക്കുന്ന അംഗീകൃത രേഖകള്‍ എന്റെ കൈവശമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം റഊഫ് എന്നെ വന്ന് കണ്ടിരുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാം ഒരു വിഭാഗം മാധ്യമങ്ങളുടെ കൃത്യമായ അജണ്ട നടപ്പിലാക്കലാണ്.

എന്‍.കെ അബ്ദുല്‍ അസീസ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് ജനറല്‍ സെക്രട്ടറി

മാറാട് കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ളയെ സമീപിക്കാന്‍ തന്നെ ഇടനിലക്കാരനായി കുഞ്ഞാലിക്കുട്ടി ചുമതലപ്പെടുത്തിയെന്ന് റഊഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ശ്രീധരന്‍പിള്ളയുടെ വീട്ടിലെത്തുന്ന റഊഫിന്റെ ഫോണില്‍ വിളിച്ചാണ് കുഞ്ഞാലിക്കുട്ടി പിള്ളയോട് സംസാരിച്ചിരുന്നത്. പിള്ളയുടെ ഫോണിലേക്ക് വിളിക്കാതെ റഊഫിനെ വിളിച്ച് സംസാരിക്കുന്നതില്‍ നിന്നും തന്നെ വ്യക്തമാണ് ഇതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്ന്.

മാറാട് കലാപമുണ്ടായി കഴിഞ്ഞപ്പോള്‍ പത്ത് ഡിമാന്റുകളാണ് സമാധാന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. ഇതില്‍ ആദ്യത്തേത് സി.ബി.ഐ അന്വേഷണമായിരുന്നു. എന്നാല്‍ ബാക്കിയുള്ള ഒമ്പത് ഡിമാന്റുകളും അംഗീകരിച്ച് ഈ ഒരു ആവശ്യം മാത്രം തള്ളിക്കളഞ്ഞ നടപടി സംശയാസ്പദമാണ്.

സംഭവമുണ്ടായി ഏഴ് മാസം കഴിഞ്ഞപ്പോള്‍ അരയസമാജം പ്രവര്‍ത്തകന്‍ കുമ്മനം രാജശേഖരന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേസിലുള്‍പ്പെട്ട ലീഗ് പ്രവര്‍ത്തകരെല്ലാം ഈ സമയത്ത് ജയിലിലായിരുന്നു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാനിടയാകും എന്നറിഞ്ഞിട്ടും തങ്ങള്‍ ഇതിന് തയ്യാറാവുന്നത് ഇതിനു പിന്നിലുണ്ടായിരുന്ന മറ്റെല്ലാ താല്‍പര്യങ്ങളും പുറത്തുവരണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നസ്‌റുദ്ദീന്‍ എളമരം, പോപ്പുലര്‍ ഫ്രണ്ട് നേതാവ്

എല്ലാവരും എന്തിനാ എന്നെ ഇങ്ങനെ വിളിക്കുന്നത്. ഇതിനെക്കുറിച്ചൊക്കെ പറയാന്‍ ഞാനാരാണ്. എനിക്കൊന്നും പറയാനില്ല. എനിക്ക് വേറെ പല തിരക്കുമുണ്ട്. കാര്യങ്ങളൊക്കെ പുറത്തുവരട്ടെ എന്നിട്ട് നമുക്ക് പറയാം.

ശിവന്‍ മഠത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍

ഇതൊരു രാഷ്ട്രീയ ചര്‍ച്ചയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ചര്‍ച്ചകളില്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ല. പ്രത്യേകിച്ചൊരു പാര്‍ട്ടിയിലും ഇല്ലെന്നിരിക്കെ സത്യം തുറന്നു പറയാനും എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല. പാര്‍ട്ടി ഭേദമന്യേ ഞാന്‍ അഭിപ്രായം പറയാറുമുണ്ട്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം. മാറാട് കേസ് അന്വേഷിച്ച തോമസ് പി ജോസഫിന്റെ കണ്ടെത്തിലില്‍നിന്നും സി.ബി.ഐ അന്വേഷണം വേണമെന്ന നിഗമനത്തിലേക്കെത്തിച്ചേരാനാണ് സാധിക്കുക. കേസില്‍ ബാഹ്യ ഇടപെടലും, ഗൂഡാലോചനയും നടന്നതായി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്.

കലാപത്തിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചാല്‍ അത് ചെന്നെത്തുന്നത് വിദേശത്താണ്. അതു കൊണ്ടാണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തോമസ് പി ജോസഫ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നത്. ഇക്കാരണംകൊണ്ടൊക്കെ കേസ് അന്വേഷിക്കുന്നത് എന്തുകൊണ്ടും നല്ലത് സിബി.ഐ ആയിരിക്കും എന്ന നിഗമനത്തിലെത്തിച്ചേരുന്നു. അത് കേരളാ പോലീസിന്റെ കഴിവുകേടു കൊണ്ടല്ല, മറിച്ച് അവരുടെ പരിമിതി മനസ്സിലാക്കിക്കൊണ്ടാണ്.

ഇപ്പോഴും ഇങ്ങനെയൊരന്വേഷണത്തിന്റെ പ്രസക്തി ഇല്ലാതായിട്ടില്ല. അന്വേഷണം ആരു നടത്തിയാലും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇനി ഇത്തരത്തിലൊരു സംഭവമുണ്ടാകാതിരിക്കാന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അവര്‍ ഏതു മതമായാലും ജാതിയായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിക്കാന്‍ കാരണമെന്താണെന്ന് അത് പിന്‍വലിച്ചവരോടുതന്നെ ചോദിക്കണം. തായാട്ട് ബാലനും ഗോപിനാഥ പിള്ളയും നല്‍കിയ ഹരജിയില്‍ കോടതിയില്‍ ഹാജരായ ദിവസമാണ് മറ്റു രണ്ടു ഹരജികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയുന്നത്. അന്ന് ഉച്ചയ്ക്കുശേഷം ഞാന്‍ അപ്പിയര്‍ ചെയ്ത ഹരജിയും പിന്‍വലിക്കുകയായിരുന്നു.

എം.സി മായിന്‍ ഹാജി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി

മുസ്‌ലിംലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്ന് ബി.ജെ.പി ഉപാധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നുള്ള വാര്‍ത്ത വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്. മാറാട് സമാധാനം പുനഃസ്ഥാപിക്കാനാണ് തങ്ങള്‍ അങ്ങിനെയൊരു കൂടിക്കാഴ്ചയ്ക്ക് നിര്‍ദ്ദേശിച്ചത്. മറ്റുള്ള ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്.

റഊഫിന്റെ ആരോപണത്തെക്കുറിച്ച് എന്നോട്് ചോദിക്കരുത്. കഴിഞ്ഞ കുറേ കാലമായി ഇയാള്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നു. അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. മുസ്ലീം ലീഗ് ഒരു അന്വേഷണവും ഒരു കാലത്തും അട്ടിമറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടില്ല. ലീഗിന് ഒന്നും ഭയപ്പെടാനില്ല. നിഷ്പക്ഷ ഏജന്‍സിയുടെ ഏത് അന്വേഷണവും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.