കോഴിക്കോട്: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയും മുസ് ലിം ലീഗ് നേതാവ് സ്വാദിഖലി ശിഹാബ് തങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.

കലാപവുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ളയുടെ ഇടപെടലിനെക്കുറിച്ച് അന്വേഷണ സംഘം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനില്‍ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി പ്രദീപ്കുമാറാണ് മുരളീധരനില്‍ നിന്ന് മൊഴിയെടുത്തത്. മുരളീധരനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

മാറാട് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യഹരജി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടും മുരളീധരനില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കേസില്‍ സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഈ ഹരജിയാണെന്ന് നേരത്തെ ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വം ആരോപിച്ചിരുന്നു.