തിരുവനന്തപുരം: മാറാട് കേസിന്റെ തുടര്‍ നടപടികളില്‍ നിന്ന് എ.ഡി.ജി.പി മഹേഷ് കുമാര്‍ സിംഗ്ലയെ ഒഴിവാക്കി. മാറാട് കലാപം നടക്കുന്ന സമയത്ത് ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന സിംഗ്ലയ്ക്കു കലാപ സാധ്യത സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നു മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ തോമസ് പി. ജോസഫ് കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നും അറിവില്ലായ്മ നടിച്ചെന്നുമാണു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.

സിംഗ്‌ള മനഃപൂര്‍വം വീഴ്ച വരുത്തിയില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് വ്യാഴായ്ച ഉത്തരവിറക്കിയത്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിംഗ്‌ളയ്‌ക്കെതിരേ തുടര്‍ നടപടികകള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് ഉത്തരവ്.

2009ല്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മാറാട് കേസിലെ പ്രതികളില്‍ ഒരാളുമായി സിംഗ്ലയുടെ അടുത്ത ബന്ധുവിനു ബിസിനസ് ബന്ധങ്ങളുണ്ടെന്ന സൂചനകളും നല്‍കിയിരുന്നു. സിംഗ്ലയ്‌ക്കെതിരെ തുടര്‍നടപടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ ഊഹാപോഹങ്ങളാണെന്നു പരാമര്‍ശിച്ചിരുന്നു. ഇതു മുഖവിലയ്‌ക്കെടുത്താണ് തുടര്‍ നടപടികള്‍ ഒഴിവാക്കിയത്.